Sunday, May 26, 2013

ശ്രീശാന്തില്‍ നിന്ന് പഠിക്കേണ്ടത്


വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തില്‍ നിന്ന് എന്താണ് പഠിക്കേണ്ടത്.ശ്രീശാന്തിന്റെ ജീവിതത്തില്‍ നിന്ന്, ഇങ്ങനെ ജീവിക്കരുതെന്നുതന്നെയാണ് പഠിക്കേണ്ടത്. എന്നാല്‍ ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട, വളര്‍ന്നുവരുന്ന ഒരു കളിക്കാരന്റെ വ്യക്തി ജീവിതത്തെ മുന്‍നിര്‍ത്തി വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായവയല്ല. എല്ലാവരുടെയും ജീവിതത്തിലേക്കും ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന മാനസികാവസ്ഥയാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തെത്തുന്നത്.ക്രിക്കറ്റ് എന്ന സമ്പത്തിന്റെ കളിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സാമ്പത്തിക സംവിധാനത്തില്‍, ആര്‍ത്തിയുടെ രൂപത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഓമനപ്പേരിട്ട് ലളിത് മോഡി ആവിഷ്‌കരിച്ച ഈ കളി കടന്നുവന്നത്. കോര്‍പ്പറേറ്റ് ആധിപത്യത്തിലേക്ക് ഐ.പി.എല്‍. എന്ന പേരിട്ട് ക്രിക്കറ്റിനെ വളച്ചൊടിക്കുകയായിരുന്നു. അംബാനിക്കുവേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കുമ്പോള്‍ എന്ത് ധാര്‍മികതയാണ് ഈ കളി മുന്നോട്ടുവെക്കുന്നത്. കോടികള്‍ നല്കിയാണ് സച്ചിനെ മുകേഷ് അംബാനി വിലയ്‌ക്കെടുക്കുന്നത്. അതുമായി ബന്ധപ്പെട്ട ജയപരാജയങ്ങള്‍ കോര്‍പ്പറേറ്റുകള്‍തന്നെ നിശ്ചയിക്കുമ്പോള്‍, ഇതിനിടയില്‍ നിന്ന് ചോര്‍ന്നുപോകുന്നത് കായികം എന്ന നിലയില്‍ ഉയര്‍ന്നു നിലേ്ക്കണ്ട ക്രിക്കറ്റ് എന്ന കളിയുമായി ബന്ധപ്പെട്ട മൂല്യങ്ങളാണ്(അത്തരമൊന്ന് ഉണ്ടെങ്കില്‍ മാത്രം).
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ സണ്ണി ലിയോണ്‍ എന്ന പ്രോണ്‍സ്റ്റാര്‍ എത്തിയപ്പോള്‍ ശക്തമായ ധാര്‍മികച്ചര്‍ച്ച ഉയര്‍ന്നുവരികയുണ്ടായി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുത്ത ക്രിക്കറ്റിലെ താരങ്ങള്‍ക്കും പ്രോണ്‍സ്റ്റാറായ സണ്ണി ലിയോണും തമ്മില്‍ എന്താണ് വ്യത്യാസം. രണ്ട് പേരും പണത്തിനുവേണ്ടി തങ്ങളെ പങ്കുവെക്കുന്ന സാഹചര്യത്തില്‍, ഐ.പി.എല്ലിന്റെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ തന്നെ ശുദ്ധ അസംബന്ധമാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍, കായികമായ ക്രിക്കറ്റിനാണ് പ്രാധാന്യമെങ്കില്‍ ചിയര്‍ ഗേള്‍സ് എന്നറിയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് എന്താണ് കാര്യമെന്ന പ്രശ്‌നം ആരും അന്വേഷിച്ചില്ല. എന്നാല്‍ ഈ കളിക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന മദ്യ പാര്‍ട്ടിയില്‍ വന്‍ തുകകള്‍ കൊടുത്ത് ആര്‍ക്കും പ്രവേശനം നേടാമെന്നിരിക്കെ, ഈ കളിയുമായി ബന്ധപ്പെട്ട് സ്‌പോട്ട് ഫിക്‌സിങ്ങും വാതുവെപ്പും മദ്യവും പെണ്‍മണവും എല്ലാം കടന്നുവരിക സ്വാഭാവികമാണ്.
അക്കാര്യത്തില്‍ രുചി നോക്കിയ ശ്രീശാന്തിനെ മാത്രം കുറ്റപ്പെടുത്തുമ്പോള്‍, സമ്പത്തിന് വേണ്ടിയും കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം കളികള്‍ ആവിഷ്‌കരിച്ചവരെയും നാം മറന്നു പോകുന്നു. ശ്രീശാന്തിന്റെ 'ധാര്‍മികത'യില്‍ മാത്രം നാം അഭിരമിക്കുന്നു.


കളിക്കാരെ വാതുവെപ്പുകാരുടെയും മയക്കുമരുന്ന് വില്പനക്കാരുടെയും (രാഹുല്‍ ശര്‍മയെ ഓര്‍ക്കുക) വലയിലേക്ക് അടുപ്പിക്കാന്‍ ഉതകുംവിധം ആഫ്റ്റര്‍ പാര്‍ട്ടികള്‍ ബി.സി.സി.ഐ.യുടെ മുന്‍കൈയില്‍ത്തന്നെ നടത്തുന്നത് എന്തിനാണ്? ശ്രീശാന്തിന് മാത്രമേ ധാര്‍മികതയുള്ളൂ. ബി.സി.സി.ഐ.യുടെ ധാര്‍മികത ആര്‍ക്കും പ്രശ്‌നമല്ലേ? ശ്രീശാന്തിന് പറയാനുള്ളതും കേള്‍ക്കണം. കുറ്റാരോപിതനായ ഏത് വ്യക്തിയുടേയും അവകാശമാണത്. കുറ്റക്കാരനെന്ന് വിധിയെഴുതും മുമ്പ് ശ്രീശാന്ത് പറയുന്നതും കേള്‍ക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍ ഇത്തരം എത്രയോ പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും ഇന്നും ക്രിക്കറ്റിലെ ജന്റില്‍മാനായി തിളങ്ങി നില്ക്കുന്ന സച്ചിനില്‍ നിന്ന് ശ്രീശാന്തിനെപ്പോലുള്ളവര്‍ പഠിക്കാത്തതാണ് ഇന്ന് അയാള്‍ എത്തി നില്ക്കുന്ന ദുരന്തത്തിന് കാരണം.
മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, നവജോത് സിങ് സിദ്ദു, നയന്‍ മോംഗിയ, കപില്‍ദേവ്, മനോജ് പ്രഭാകര്‍ എന്തിന് എല്ലാവരും ഇന്ന് ബി.സി.സി.ഐ. ലിസ്റ്റില്‍ നല്ല കുട്ടികളാണ്.
ശ്രീശാന്തില്‍ നിന്ന് ക്രിക്കറ്റ് ലോകത്തിന് ഇനിയും എത്രയോ പ്രതീക്ഷിക്കാനുണ്ട്. ഇങ്ങ് ബി.സി.സി.ഐ. പ്രസിഡന്റ് ശ്രീനിവാസന്‍ വരെ ചെളിക്കുണ്ടില്‍ ഇറങ്ങി നില്ക്കുമ്പോഴാണ് ശ്രീശാന്തിന് നേരെ മാത്രം വിരലുയര്‍ത്തുന്നത് ആശാസ്യമല്ല. ശ്രീശാന്ത് കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെട്ടേ തീരൂ. പക്ഷെ, ഐ.പി.എല്ലിലും ഇന്ത്യന്‍ ക്രിക്കറ്റിലും ഇനിയും ചിലതെല്ലാം ചീഞ്ഞുനാറുന്നുണ്ട്. അതൊക്കെ കണ്ടെത്തി പുറത്തുവലിച്ചിടാനുള്ള ധൈര്യം കാണിക്കണം. അതാരെങ്കിലും ചെയ്യുമോ എന്ന കാര്യം കാത്തിരുന്നു കാണാം.
ശ്രീശാന്ത് കുറ്റവാളിയാണോ കുടുക്കപ്പെട്ടവനാണോ എന്ന കാര്യം നമുക്ക് കാലത്തിന് വിട്ടുകൊടുക്കാം. രാജ്യാന്തരക്രിക്കറ്ററില്‍ നിന്ന് വഞ്ചകനിലേക്ക് നടന്നടുത്ത ദൂരം ചെറുതല്ല. ഇനി അക്കാര്യം എല്ലാം മാറി തിരിച്ചെത്തിയാലും ശ്രീശാന്തിനോടുള്ള ആള്‍ക്കൂട്ടത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമോ? എല്ലാവരും പഠിക്കേണ്ടത് ഇത്തരം ജീവിതത്തില്‍ നിന്നുതന്നെയാണ്.


3 comments:

  1. ഇനി തിരിച്ചെത്തിയാലും ശ്രീശാന്തിനോടുള്ള ആള്‍ക്കൂട്ടത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമോ?

    തിരിച്ചു വരവ് കുറ്റവിമുക്തനായിട്ടാണെങ്കില്‍...ഒരു പക്ഷേ... (പക്ഷേ അതിനു സാധ്യത തീരെയില്ലെന്നല്ലേ ഇതു വരെയുള്ള തെളിവുകളില്‍ നിന്ന് മനസ്സിലാക്ക്കേണ്ഠത്?)

    ReplyDelete
  2. Agni sudhi vruthiyal Karinju pokille.
    Vividha tharathilulla kallanmarundallo,
    Puthiya teemundakiyal jeevickam?
    Mohan.K M

    ReplyDelete
  3. Thanks for sharing. your article good and wonderful. I ma working in Towing Des Moines comapny. i read your post and feel relax. keep posting again.

    ReplyDelete