Thursday, November 22, 2012

ജനസാഗരം ബാല്‍താക്കറെക്ക് വിട നല്‍കി

മറാഠജനതയുടെ ആത്മവീര്യത്തിന് ജനസാഗരം വിട നല്‍കി.ബാല്‍താക്കറെ ഇനി ഇതിഹാസം.മുംബൈ നഗരം ബാല്‍ഗംഗാധര തിലകന്റെയോ അംബേദ്ക്കറുടെയോ വിയോഗത്തില്‍ കാണാത്ത വന്‍ജനസാഗരം തന്നെയാണ് ബാല്‍താക്കറെയുടെ വിയോഗത്തിന് സാക്ഷിയായത്.ബാല്‍താക്കറെയുടെ രാഷ്ട്രീയജീവിതത്തിന് നാന്ദി കുറിച്ച ദാദറിലെ ശിവാജിപാര്‍ക്കില്‍ തന്നെ ഒരു നോക്ക് ദുരെയാണ് ഹിന്ദുഹൃദയ സാമ്രാട്ട് എരിഞ്ഞടങ്ങിയത്.

ദാദര്‍ ശിവാജി പാര്‍ക്കില്‍ ബാല്‍താക്കറെ ദസറ റാലിയില്‍ ജ്വലിച്ചു നിന്ന അതേ ഭൂമികയില്‍ അന്ത്യാഭിവാദ്യമേറ്റുവാങ്ങാന്‍ കിടന്നപ്പോള്‍ പതിനഞ്ചു ലക്ഷത്തിലധികം വരുന്ന ജനത ഏതെല്ലാമോ ഓര്‍മ്മകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി നിറകണ്ണുമായി നിന്നു.വിതുമ്പുന്ന ജനസഞ്ചയത്തിന്റെ ഹൃദയമേറ്റുവാങ്ങിയ മറാഠജനനായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ.വരും തലമുറയ്ക്ക് മുന്നില്‍ അനശ്വരനാമമായി, ഇതിഹാസമായി ബാല്‍താക്കറെ.

മുംബൈയുടെ വേദനയാര്‍ന്ന ഹൃദയത്തിലുടെ,മനുഷ്യസ്‌നേഹത്തിന്റെ മഹാസാഗരം കടന്ന് ശിവാജിപാര്‍ക്കില്‍ ജനനായകന്റെ ഭൗതികശരീരം എത്തിയപ്പോള്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിയിരുന്നു.തൊട്ടടുത്ത കടലില്‍ ഉയര്‍ന്ന തിരമാലകളെപ്പോലെയാണ് വേദനയാര്‍ന്ന ജനസമുദ്രം ശിവാജിപാര്‍ക്കിനെ കീഴടക്കിയത്.

ശിവാജി പാര്‍ക്കില്‍ ബാല്‍താക്കറെയുടെ ഭൗതികശരീരം അന്ത്യദര്‍ശനത്തിനായ് കിടത്തിയപ്പോള്‍.നിറകണ്ണുമായി മകനും ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡണ്ടുമായ ഉദ്ദവ് താക്കറെ തൊട്ടടുത്ത് തന്നെ നിന്നു,വേര്‍പാട് അടക്കാനാവാതെ പലപ്പോഴും ഉദ്ദവ് വിങ്ങിപ്പൊട്ടി,മകന്‍ ആദിത്യതാക്കറെയാണ് ഉദ്ദവിന് താങ്ങായത്.പലപ്പോഴും ചുമലില്‍ തട്ടി ആദിത്യ,ഉദ്ദവിനെ സാന്ത്വനിപ്പിക്കുന്നത് കാണാമായിരുന്നു.


ശനിയാഴ്ച വൈകുന്നേരം ബാന്ദ്രയിലെ മാതോശ്രീയില്‍വെച്ച് വിയോഗം ഏറ്റുവാങ്ങിയ ബാല്‍താക്കറെയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9മണിയോടെയാണ് മാതോശ്രീയില്‍ നിന്ന് ശിവാജി പാര്‍ക്കിലേക്കുള്ള അവസാനയാത്രയ്ക്ക് ഒരുങ്ങിയത്.മാതോശ്രിയില്‍ നിന്ന് പുറത്തെത്തിച്ച മൃതശരീരത്തില്‍ സംസ്ഥാന ബഹുമതിയുടെ ഭാഗമായി ദേശീയ പാതക പുതപ്പിച്ച ശേഷമാണ് പുഷ്പാലംകൃതമായ വാഹനത്തിലേക്ക് മാറ്റിയത്.വാഹനത്തിനു മുന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന ബാല്‍താക്കറെ ചിത്രം. ഉദ്ദവ് താക്കറെയും പരിവാരങ്ങളും വാഹനത്തിലേക്ക് കയറിയപ്പോള്‍ 9.30ന് വിലാപയാത്രയ്ക്ക് തുടക്കമായി.കുടെ ആയിരകണക്കിന് ജനതയും ഒഴുകാന്‍ തുടങ്ങിയിരുന്നു.അത് മാഹിമിലെത്തിയതോടെ എവിടെയും ജനപ്രളയമായിരുന്നു 

കത്തുന്ന വെയിലിലും ശിവാജിപാര്‍ക്കിലേക്കുള്ള ഏഴു കിലോമീറ്റര്‍ ദൂരവും ജനത ബാല്‍താക്കറെയെ ഒരു നോക്ക് കാണാന്‍ കാത്തുനിന്നു.ഭൗതിക ശരീരം ജനത്തെ മറികടന്ന് പോകുമ്പോള്‍ പുഷ്പങ്ങള്‍ ജനങ്ങള്‍ ബാല്‍താക്കറെക്കുള്ള അര്‍ച്ചനയായി.ലക്ഷങ്ങളാണ് തങ്ങളുടെ പ്രീയ നേതാവിന്റെ ഭൗതികശരീരത്തിനൊപ്പം നടന്നുനീങ്ങിയത്.ഏഴു കിലോമീറ്റര്‍ ദൂരവും ബാല്‍താക്കറെയുടെ ഭൗതികശരീരം ഉള്‍ക്കൊണ്ട വാഹനത്തിന് പിറകിലായി രാജ് താക്കറെ നടന്നു.എല്ലാ വേദനയും അടക്കി രാജ് താക്കറെ പൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെ ശിവാജി പാര്‍ക്കില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയപ്പോള്‍ ബാല്‍താക്കറെക്ക, രാജ് താക്കറെ നല്‍കിയ തിലോദകമായി അത് മാറി.

ഞായറാഴ്ച രാവിലെ 9മണിയോടെ മാതോശ്രീയില്‍  നിന്ന് ആരംഭിച്ച വിലാപയാത്ര ശിവസേനയുടെ വിത്ത് പാകിയ മണ്ണില്‍,ശിവാജിപാര്‍ക്കില്‍ എത്തുമ്പോള്‍ വൈകുന്നേരമായിരുന്നു.രാവിലെ 10.30ന് എത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ജനസാഗരം ഇരമ്പിയപ്പോള്‍,നഗരം കീടക്കിയപ്പോള്‍,വിലാപയാത്രയെയും അത് കടപുഴക്കി.ബാല്‍താക്കറെയുടെ പ്രവര്‍ത്തന വഴികള്‍ ഒത്തുചേര്‍ന്ന ദാദറിലെ സേനാഭവനില്‍ ഉച്ച കഴിഞ്ഞ് മൂന്നു പതിനഞ്ചിനോടെയോടെയാണ് വിലാപയാത്രയെത്തിയത്.തേങ്ങലോടെ നിരവധി പേര്‍ കാത്തിരിക്കുകയായിരുന്നു.സേന 1995ല്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യമുഖ്യമന്ത്രിയായ മനോഹര്‍ ജോഷിയാണ് സേനാഭവനില്‍ മൃതദേഹത്തെ സ്വീകരിച്ചത്.എല്ലാ കണ്ണുകളിലും വേദന നിറഞ്ഞു നിന്നു.ബാല്‍താക്കറെ അമര്‍ രഹെ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ഒഴുകിയെത്തി.സേനാഭവനില്‍ എത്തിച്ച ബാല്‍താക്കറെയുടെ മൃതദേഹത്തെപ്പറ്റി ഉദ്ദവ് പറഞ്ഞത്.നമ്മുടെ ക്ഷേത്രത്തില്‍ നാം നമ്മുടെ ദൈവത്തെ എത്തിച്ചുവെന്നാണ്.

വിലാപയാത്രയിലെ ജനസഞ്ചയം നഗരകേന്ദ്രങ്ങളില്‍ ഒഴുകി പരന്ന് ഒഴുകുകയായിരുന്നു.മഹാജനസാഗരപ്രവാഹത്തില്‍ ജ്വലിച്ചു നില്‍ക്കുകയായിരുന്നു മഹാനഗരം.താക്കറെ പ്രഭാവത്തിനു മുന്നില്‍ നഗരം അവസാനമായി പ്രണാമമര്‍പ്പിക്കുകയായിരുന്നു.

വൈകുന്നേരം അഞ്ചുമണിവരെ ദാദറിലെ ശിവാജി പാര്‍ക്കില്‍ വിലാപയാത്ര എത്തുമ്പോള്‍ ലക്ഷങ്ങളാണ് തങ്ങളുടെ പ്രീയനേതാവിനെ അവസാനമായി കാണാന്‍ കാത്തുനിനിന്നിരുന്നത്.ജയ് മഹാരാഷ്ട്ര എന്ന് രേഖപ്പെടുത്തിയ വേദിയില്‍ ബാല്‍താക്കറെയുടെ ഭൗതികശരീരം അന്ത്യോപചാരമര്‍പ്പിക്കാനായി കിടത്തിയത്. മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്‍,മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍
ബി.ജെ.പി ദേശീയ നേതാക്കളായ എല്‍.കെ.അദ്വാനി,സുഷമസ്വരാജ്,അരുണ്‍ ജറ്റ്്‌ലി,നിതിന്‍ഗഡ്കരി,ശിവരാജ് ചൗഹാന്‍ എന്‍.സി.പി നേതാക്കളായ ശരദ്് പവാര്‍,പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെ വലിയ നിരയോടൊപ്പം വിവിധ പാര്‍ട്ടി നേതാക്കളും ശിവാജിപാര്‍ക്കിലെത്തിയിരുന്നു.അസ്തമയത്തിനുമുമ്പ് ശവസംസ്‌ക്കാര ചടങ്ങ് നടക്കേണ്ടതിനാല്‍  വൈകുന്നേരം 5മണിക്ക് ശേഷം ശവസംസ്‌ക്കാര ചടങ്ങ് ആരംഭിച്ചു.ശവസംസ്‌ക്കാര ചടങ്ങ് നടക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളുമായി ലക്ഷങ്ങളാണ് നിന്നത്.ശിവാജി പാര്‍ക്കിന് പിന്നില്‍ അറബിക്കടലിലെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി.ആയിരകണക്കിന് കണ്ഠത്തില്‍ നിന്ന് ഹിന്ദുഹൃദയ സാമ്രാട്ട് ബാല്‍താക്കറെ അമര്‍രഹെ എന്ന മൂദ്രാവാക്യം അലയടിച്ചു അലകളായി പരന്നൊഴുകി.

എത്രയോ മനുഷ്യര്‍ അന്ത്യോപചാരം അര്‍പ്പിക്കാനാവാതെ,പ്രീയ നേതാവിനെ ഒന്നു കാണാനാവാതെ ശിവാജിപാര്‍ക്കില്‍ തന്നെ നിലകൊള്ളുകയായിരുന്നു.അവരുടെ വേദനകള്‍ക്ക്തീപിടിക്കുമ്പോള്‍ ഹിന്ദുഹൃദയ സാമ്രാട്ടിന്റെ ഭൗതിക ശരീരത്തിലും തീ പടര്‍ന്നിരുന്നു.


No comments:

Post a Comment