Tuesday, February 14, 2012

പുതിയ പുഷ്പങ്ങള്‍ വിടരട്ടെ

മുമ്പ് സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവര്‍ തമ്മില്‍ ഒരു കൂട്ടായ്മനിലനിന്നിരുന്നു.സിനിമാസംവിധായകര്‍,കവികള്‍,കഥാകൃത്തുക്കള്‍,നാടകകൃത്തുക്കള്‍,അഭിനേതാക്കള്‍ ഇവരെല്ലാം ചേര്‍ന്ന് പൊതുവായ അന്വേഷണമുണ്ടായിരുന്നു.അത്തരത്തിലുള്ള ഷെറിംഗ് ഇന്നില്ല.താനെന്തെഴുതുന്നുവെന്ന് പുറത്തറിഞ്ഞാല്‍ മോഷ്ടിക്കുമോ എന്ന ആശങ്ക ഓരോ എഴുത്തുകാര്‍ക്കും വന്നിരിക്കുന്നു -കവി സച്ചിദാനന്ദന്‍

കവി സച്ചിദാനന്ദന്‍ പങ്കുവെച്ച ആശങ്ക കേരളത്തില്‍ മാത്രം നിലനില്‍ക്കുന്നതല്ല.മറുനാട്ടിലും ഇതേ കാര്യം തന്നെയാണ് നിലനില്‍ക്കുന്നത്.മുമ്പ് മഹാനഗരത്തില്‍ നിലനിന്നിരുന്ന എത്രയോ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു തിടം വച്ച് പുഷ്പിച്ചത് ഇത്തരം കുട്ടായ്മകളിലൂടെയായിരുന്നു.കവികള്‍ തന്നെ നാടകപ്രവര്‍ത്തകര്‍ക്കൊപ്പവും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊപ്പവും സംവദിക്കാനും പുതിയ കാര്യങ്ങള്‍ നഗരത്തില്‍ പൊട്ടിമുളപ്പിക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നു.ആ മണ്ണിലാണ് ഭോമയും സ്പാര്‍ട്ടാക്കസും ചിലി-73യും വീണ് പുഷ്പിച്ചത്.അന്ന് നഗരത്തില്‍ വിടര്‍ന്നു നിന്ന നുറുകണക്കിന് വ്യത്യസ്ത പൂക്കള്‍ക്ക് വ്യത്യസ്ത സുഗന്ധമുണ്ടായിരുന്നു.ആ പൂക്കളാണ് സമൂഹത്തിന്റെ ചിന്തയില്‍ അഗ്നി കോരിനിറച്ചത്.ആ അഗ്നി പൊടുന്നനെ കെട്ടടങ്ങുകയും ചെയ്തു.