Tuesday, March 10, 2015

ഭരണകൂടം ഭക്ഷണത്തിന്റെ രുചി നിശ്ചയിക്കുമ്പോള്‍


നമ്മുടെ ഭക്ഷണം,വസ്ത്രം,ചിന്ത,ആചാര രീതികള്‍,വിശ്വാസം ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭരണകൂട ഫാസിസം പിടിമുറുക്കുന്ന കാലമാണിത്.നാം കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ഫാസിസം അതിന്റെ രുചി നിശ്ചയിക്കുകയാണ്.മറ്റ് ഇതര മനുഷ്യസമൂഹങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെയും പല വിധത്തിലുള്ള രുചി ഇണക്കങ്ങളെയും ഭീഷണമായ രീതിയില്‍ മാറ്റിമറിക്കാന്‍ ഭരണകൂട ഭീകരത അടിച്ചേല്‍പ്പിക്കുകയാണിപ്പോള്‍.

ഇന്ത്യ എന്ന രാജ്യം,അതിന്റെ വൈവിദ്ധ്യം,സാംസ്‌ക്കാരിക,ആന്തരിക സത്ത നിലനില്‍ക്കുന്നത്,അതിന്റെ വൈവിദ്ധ്യത്തിലാണ്.നാനാത്വത്തില്‍ ഏകത്വം എന്ന് നാം കൊട്ടിഘോഷിക്കുന്ന നട്ടെല്ലിനെയാണ് ഓരോ നടപടികളിലൂടെയും ഭരണകൂടം ഇല്ലാതാക്കുന്നത്.

സംഘികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുള്ള മേഖലയില്‍ എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ച് നിയമനിര്‍മ്മാണം നടത്തുകയും,ഇല്ലാത്ത ഇടങ്ങളില്‍ അക്രമങ്ങള്‍ക്കൊണ്ടും അവര്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട ഭയാനകാം വിധം നടപ്പിലാക്കുന്നു.ഇന്ത്യയിലെ അഞ്ചുശതമാനം പോലും വരാത്ത ഒരു ന്യൂനപക്ഷവിഭാഗത്തിന്റെ ഭക്ഷണസംസ്‌കാരത്തെയും രുചിതാല്‍പര്യങ്ങളുടെയും മേല്‍ കുതിരകയറുകയാണ് ഇപ്പോള്‍ ഭരണകൂടം.അതിന്റെ പ്രകടിത രുപമാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നടപ്പിലാക്കിയ ബീഫ് നിരോധനം.

ഹിന്ദുവിശ്വാസികളുടെ പൊതുബോധത്തിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുന്ന വിശുദ്ധപശുബോധം, പശുവിന്റെ ദൈവികപരിവേഷത്തിനും പശു ഇറച്ചി വിരോധ പ്രചരണങ്ങള്‍ക്കും ഗോവധനിരോധന അജണ്ടകള്‍ക്കും വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്.ലോകത്തിലെ എല്ലാ ജീവജാലങ്ങളും നമ്മുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായിട്ടുണ്ട്.അതില്‍ പശുവും എലിയും പാമ്പും ഭിന്നമല്ല.എന്നാല്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും സമൂഹത്തില്‍ വിഭജിത മനസ്സുകള്‍ സൃഷ്ടിക്കാനും,ഇതിന്റെ പേരില്‍ ഇന്ന് കലാപങ്ങള്‍ സൃഷ്ടിക്കാനും വിശുദ്ധ പശുവിലൂടെ കഴിയും എന്നവര്‍ക്കറിയാം.പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന എത്രയോ കലാപങ്ങളുണ്ട്.

ജാതികളും ഉപജാതികളും കെട്ടുപിണഞ്ഞു കിടക്കുന്ന വൈവിദ്ധ്യവും വിഭിന്നങ്ങളുമായ വിഭാഗത്തെ ഹിന്ദുവെന്ന് മൊത്തത്തില്‍ വിളിച്ചത് സെമിറ്റിക് മതങ്ങളാണ്.വ്യത്യസ്തമായ ഭക്ഷണക്രമങ്ങള്‍ നിലനില്‍ക്കുന്ന അവരുടെ മേലാണ് പുതിയ അജണ്ട നടപ്പിലാക്കുന്നത്.ബ്രാഹ്മണ സവര്‍ണ വിഭാഗത്തിന്റെ വിശ്വാസ സംഹിതകളുടെ അളവുകോലുകള്‍ വെച്ചാണ് എല്ലാ ജാതികളിലേക്കും ഫാസിസം അരിച്ചുകയറുന്നത്.ഇതാണ് ശരിയെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ സംഘികള്‍ വലിയതായി കൊണ്ടാടുന്ന ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങള്‍ എന്നു പറയുന്ന ഋഗ്വേദത്തിലും അഥര്‍വവേദത്തിലും മറ്റു പുരാണ ഗ്രന്ഥങ്ങളിലുമല്ലാം പശുവിന്റെ ഇറച്ചി ഭക്ഷിക്കുന്നതിനെകുറിച്ചും, പശുവിനെ യാഗങ്ങള്‍ക്കുവേണ്ടി ബലികഴിക്കുന്നതിന്റെയും കൃത്യമായ വിവരണങ്ങള്‍ കൊടുത്തിട്ടുണ്ട്..ബ്രഹ്മജ്ഞാനം അറിയുന്ന ബ്രാഹ്മണന്‍ മുമ്പ് ബീഫ് കഴിച്ചില്ലെങ്കില്‍ അയാളെ ബ്രാഹ്മണനായി അംഗീകരിച്ചിരുന്നില്ലെന്നും വിവേകാനന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Sunday, May 26, 2013

ശ്രീശാന്തില്‍ നിന്ന് പഠിക്കേണ്ടത്


വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തില്‍ നിന്ന് എന്താണ് പഠിക്കേണ്ടത്.ശ്രീശാന്തിന്റെ ജീവിതത്തില്‍ നിന്ന്, ഇങ്ങനെ ജീവിക്കരുതെന്നുതന്നെയാണ് പഠിക്കേണ്ടത്. എന്നാല്‍ ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട, വളര്‍ന്നുവരുന്ന ഒരു കളിക്കാരന്റെ വ്യക്തി ജീവിതത്തെ മുന്‍നിര്‍ത്തി വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായവയല്ല. എല്ലാവരുടെയും ജീവിതത്തിലേക്കും ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന മാനസികാവസ്ഥയാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തെത്തുന്നത്.ക്രിക്കറ്റ് എന്ന സമ്പത്തിന്റെ കളിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സാമ്പത്തിക സംവിധാനത്തില്‍, ആര്‍ത്തിയുടെ രൂപത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഓമനപ്പേരിട്ട് ലളിത് മോഡി ആവിഷ്‌കരിച്ച ഈ കളി കടന്നുവന്നത്. കോര്‍പ്പറേറ്റ് ആധിപത്യത്തിലേക്ക് ഐ.പി.എല്‍. എന്ന പേരിട്ട് ക്രിക്കറ്റിനെ വളച്ചൊടിക്കുകയായിരുന്നു. അംബാനിക്കുവേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കുമ്പോള്‍ എന്ത് ധാര്‍മികതയാണ് ഈ കളി മുന്നോട്ടുവെക്കുന്നത്. കോടികള്‍ നല്കിയാണ് സച്ചിനെ മുകേഷ് അംബാനി വിലയ്‌ക്കെടുക്കുന്നത്. അതുമായി ബന്ധപ്പെട്ട ജയപരാജയങ്ങള്‍ കോര്‍പ്പറേറ്റുകള്‍തന്നെ നിശ്ചയിക്കുമ്പോള്‍, ഇതിനിടയില്‍ നിന്ന് ചോര്‍ന്നുപോകുന്നത് കായികം എന്ന നിലയില്‍ ഉയര്‍ന്നു നിലേ്ക്കണ്ട ക്രിക്കറ്റ് എന്ന കളിയുമായി ബന്ധപ്പെട്ട മൂല്യങ്ങളാണ്(അത്തരമൊന്ന് ഉണ്ടെങ്കില്‍ മാത്രം).
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ സണ്ണി ലിയോണ്‍ എന്ന പ്രോണ്‍സ്റ്റാര്‍ എത്തിയപ്പോള്‍ ശക്തമായ ധാര്‍മികച്ചര്‍ച്ച ഉയര്‍ന്നുവരികയുണ്ടായി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുത്ത ക്രിക്കറ്റിലെ താരങ്ങള്‍ക്കും പ്രോണ്‍സ്റ്റാറായ സണ്ണി ലിയോണും തമ്മില്‍ എന്താണ് വ്യത്യാസം. രണ്ട് പേരും പണത്തിനുവേണ്ടി തങ്ങളെ പങ്കുവെക്കുന്ന സാഹചര്യത്തില്‍, ഐ.പി.എല്ലിന്റെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ തന്നെ ശുദ്ധ അസംബന്ധമാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍, കായികമായ ക്രിക്കറ്റിനാണ് പ്രാധാന്യമെങ്കില്‍ ചിയര്‍ ഗേള്‍സ് എന്നറിയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് എന്താണ് കാര്യമെന്ന പ്രശ്‌നം ആരും അന്വേഷിച്ചില്ല. എന്നാല്‍ ഈ കളിക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന മദ്യ പാര്‍ട്ടിയില്‍ വന്‍ തുകകള്‍ കൊടുത്ത് ആര്‍ക്കും പ്രവേശനം നേടാമെന്നിരിക്കെ, ഈ കളിയുമായി ബന്ധപ്പെട്ട് സ്‌പോട്ട് ഫിക്‌സിങ്ങും വാതുവെപ്പും മദ്യവും പെണ്‍മണവും എല്ലാം കടന്നുവരിക സ്വാഭാവികമാണ്.
അക്കാര്യത്തില്‍ രുചി നോക്കിയ ശ്രീശാന്തിനെ മാത്രം കുറ്റപ്പെടുത്തുമ്പോള്‍, സമ്പത്തിന് വേണ്ടിയും കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം കളികള്‍ ആവിഷ്‌കരിച്ചവരെയും നാം മറന്നു പോകുന്നു. ശ്രീശാന്തിന്റെ 'ധാര്‍മികത'യില്‍ മാത്രം നാം അഭിരമിക്കുന്നു.

Thursday, November 22, 2012

ജനസാഗരം ബാല്‍താക്കറെക്ക് വിട നല്‍കി

മറാഠജനതയുടെ ആത്മവീര്യത്തിന് ജനസാഗരം വിട നല്‍കി.ബാല്‍താക്കറെ ഇനി ഇതിഹാസം.മുംബൈ നഗരം ബാല്‍ഗംഗാധര തിലകന്റെയോ അംബേദ്ക്കറുടെയോ വിയോഗത്തില്‍ കാണാത്ത വന്‍ജനസാഗരം തന്നെയാണ് ബാല്‍താക്കറെയുടെ വിയോഗത്തിന് സാക്ഷിയായത്.ബാല്‍താക്കറെയുടെ രാഷ്ട്രീയജീവിതത്തിന് നാന്ദി കുറിച്ച ദാദറിലെ ശിവാജിപാര്‍ക്കില്‍ തന്നെ ഒരു നോക്ക് ദുരെയാണ് ഹിന്ദുഹൃദയ സാമ്രാട്ട് എരിഞ്ഞടങ്ങിയത്.

ദാദര്‍ ശിവാജി പാര്‍ക്കില്‍ ബാല്‍താക്കറെ ദസറ റാലിയില്‍ ജ്വലിച്ചു നിന്ന അതേ ഭൂമികയില്‍ അന്ത്യാഭിവാദ്യമേറ്റുവാങ്ങാന്‍ കിടന്നപ്പോള്‍ പതിനഞ്ചു ലക്ഷത്തിലധികം വരുന്ന ജനത ഏതെല്ലാമോ ഓര്‍മ്മകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി നിറകണ്ണുമായി നിന്നു.വിതുമ്പുന്ന ജനസഞ്ചയത്തിന്റെ ഹൃദയമേറ്റുവാങ്ങിയ മറാഠജനനായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ.വരും തലമുറയ്ക്ക് മുന്നില്‍ അനശ്വരനാമമായി, ഇതിഹാസമായി ബാല്‍താക്കറെ.

മുംബൈയുടെ വേദനയാര്‍ന്ന ഹൃദയത്തിലുടെ,മനുഷ്യസ്‌നേഹത്തിന്റെ മഹാസാഗരം കടന്ന് ശിവാജിപാര്‍ക്കില്‍ ജനനായകന്റെ ഭൗതികശരീരം എത്തിയപ്പോള്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിയിരുന്നു.തൊട്ടടുത്ത കടലില്‍ ഉയര്‍ന്ന തിരമാലകളെപ്പോലെയാണ് വേദനയാര്‍ന്ന ജനസമുദ്രം ശിവാജിപാര്‍ക്കിനെ കീഴടക്കിയത്.

ശിവാജി പാര്‍ക്കില്‍ ബാല്‍താക്കറെയുടെ ഭൗതികശരീരം അന്ത്യദര്‍ശനത്തിനായ് കിടത്തിയപ്പോള്‍.നിറകണ്ണുമായി മകനും ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡണ്ടുമായ ഉദ്ദവ് താക്കറെ തൊട്ടടുത്ത് തന്നെ നിന്നു,വേര്‍പാട് അടക്കാനാവാതെ പലപ്പോഴും ഉദ്ദവ് വിങ്ങിപ്പൊട്ടി,മകന്‍ ആദിത്യതാക്കറെയാണ് ഉദ്ദവിന് താങ്ങായത്.പലപ്പോഴും ചുമലില്‍ തട്ടി ആദിത്യ,ഉദ്ദവിനെ സാന്ത്വനിപ്പിക്കുന്നത് കാണാമായിരുന്നു.

Saturday, May 26, 2012

മയ്യഴിയില്‍ നിന്ന് തപന്റെ നാട്ടിലേക്കുള്ള ദൂരം


മുംബൈയില്‍ നിന്ന് കണ്ണുരിന്റെ മണ്ണിലേക്ക് കൃത്യം ദുരം പതിനെട്ട് മണിക്കുറാണെങ്കില്‍,മയ്യഴിയില്‍ നിന്ന് തപന്റെ നാടായ കൊല്‍ക്കത്തയിലേക്ക് ഒരു മനുഷ്യജന്മത്തിന്റെ ദുരമുണ്ടെന്ന് മനസ്സിലായത് ഈ കേരളയാത്രയിലാണ്.എന്റെ സ്വന്തം നാട്ടില്‍ പോലും മനുഷ്യനെ മനസ്സിലാക്കാനാവാതെ, ഇരുണ്ട തമോഗര്‍ത്തങ്ങളില്‍, സംശയത്തിന്റെ  അഗാധതയില്‍,തള്ളിയിടാന്‍ പ്രസ്ഥാനങ്ങള്‍ വെമ്പല്‍ കൊള്ളുന്നതും കാണേണ്ടി വന്നു..അധികം ദൂരയല്ലാത്ത നാട്ടില്‍ ഒരു മനുഷ്യന്റെ മുഖത്തേറ്റ അമ്പത്തിഒന്ന് വെട്ടുകള്‍,ആ വെട്ടിലേക്ക് എത്തിച്ച സംശയഗ്രസ്തമായ ആത്മാവുകള്‍ പറന്നെത്തുന്നത് വെള്ളിയാംങ്കല്ലിലാവണം.അവിടെ വെച്ചാണ് ദാസനും ചന്ദ്രികയും അന്‍ഫോസാച്ചനും മാഗിയമ്മയും ചിറകിട്ടടിച്ചു പറന്നുയര്‍ന്നത്.അത് ഹൃദയത്തിലാണ് ചേക്കേറിയതെങ്കിലും,അതിന്റെ സൃഷ്ടാവിന്റെ ഹൃദയത്തിന് അമ്പത്തി ഒന്നല്ല,അനേകം സുക്ഷ്മമായ ദ്വാരങ്ങള്‍ ഉണ്ടെന്ന് മലയാളി വായനക്കാരന് പിടികിട്ടിയത് അടുത്തീയിടെ മാത്രമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുട്ടത്തുവര്‍ക്കി അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മാഹി കലാഗ്രാമത്തില്‍ വെച്ച് അന്ന് ഈ മാനവഹൃദയം പരിതപിച്ചത് ദാസനെയും ചന്ദ്രികയ്ക്കും വേണ്ടിയാണ് ഈ പുരസ്‌ക്കാരം സ്വീകരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ്.അന്ന് സിരകളിലുടെ ഏതോ വൈദ്യുതി സ്പര്‍ശം പാഞ്ഞുപോയെങ്കിലും ആ വൈദ്യുതാലിംഗനം ഇന്നും എന്റെ ഹൃദയത്തിലുണ്ട്.അന്ന് അയാളുടെ ഭാഷണത്തോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച മലയാള കഥയെ സ്വപ്‌ന സന്നിഭമാക്കിയ യു.പി.ജയരാജ് ഉയര്‍ത്തിയ വിമര്‍ശം കാലത്തിനു മുമ്പെ എറിഞ്ഞ ദര്‍ശനമായിരുന്നെന്ന് ഇപ്പോള്‍ തോനുന്നു.ഇന്ന് യു.പി.ജയരാജില്ല,ചന്ദ്രികയും ദാസനും സ്വപ്‌നം കണ്ട് നാട് എത്രയോ മാറിയിരിക്കുന്നുവെന്ന് അതിന്റെ സൃഷ്ടാവിന്റെ മൗനം തന്നെ നമ്മോട് അടക്കം പറയുന്നു.

മറുനാട്ടില്‍ മാത്രം ജീവിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവില്ല.ഇടയ്ക്ക് നാട്ടില്‍ എത്തിനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം പിടികിട്ടും.നഗരമാണോ അതോ ഗ്രാമമാണോ മാറിയതെന്ന് നമുക്ക് മനസ്സിലാവുന്നില്ല.നമ്മിലെ മനുഷ്യത്വമാണോ നമ്മെ നോക്കി പല്ലിളിക്കുന്നതെന്നും വ്യക്തമാകുന്നില്ല.

മുംബൈയിലെ തെരുവിലെ അധോലോകത്തിന്റെ കണക്ക് തീര്‍ക്കലില്‍ പോലും മനുഷ്യത്വമുണ്ട്.ഭീകരാക്രമണത്തിന്റെ നൃശംസ്യതയില്‍ പോലും ഒരു വെടിയുണ്ടയില്‍ ഒരു നിലവിളി അവസാനിപ്പിക്കാനാവും.എന്നാല്‍ ഹ്യുമണ്‍ ഇന്‍ഡക്‌സിന്റെ കാര്യത്തില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍,നിരായുധനായ ഒരാളെ,അയാളുടെ എന്തിനെയും നേരിടാനുള്ള ധൈര്യത്തെ,ആ സ്ഥൈര്യത്തെ നടുറോഡില്‍ ഇട്ട് വെട്ടുമ്പോള്‍ ഒഴുകി പരന്ന ചോര,ആ വെട്ടുന്നവരുടെ മനസ്സില്‍ ഒന്നും സൃഷ്ടിച്ചില്ലെങ്കില്‍ പോലും,ആ മനുഷ്യനെപ്പറ്റി ഓര്‍ക്കാന്‍,എല്ലാവരെയും ഓര്‍മ്മപ്പെടുത്താന്‍ വംഗദേശത്തുനിന്ന് തപന്റെ അമ്മ തന്നെ വരേണ്ടി വന്നു.ആ മഹതി കണ്ട കാഴ്ചകള്‍ വളരെ വലുതാണ്.ആ കാഴ്ചകള്‍ സമ്മാനിച്ച വേദനയാണ് അവരെ മഹാത്മാവായ എഴുത്തുകാരിയാക്കിയത്.


70കളിലെ സിദ്ധാര്‍ത്ഥ ശങ്കര്‍റായുടെ കൊല്‍ക്കത്തയില്‍ നിന്ന് ജ്യോതി ബസുവിലേക്കും,ബുദ്ധദേവിലേക്കും പിന്നീട് മമതയിലേക്കും സഞ്ചരിച്ച കൊല്‍ക്കത്തയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ തപിക്കുന്ന ദൃക്‌സാക്ഷിയാണവര്‍.അവര്‍ക്കറിയാത്ത ചോരചാലുകളില്ല.അവര്‍ വരേണ്ടി വന്നു കേരളമനസ്സിനെ തൊട്ടുണര്‍ത്താന്‍,ഭര്‍ത്സിക്കാന്‍,വേദനിപ്പിക്കാന്‍.ഈ കഴുതകള്‍ എത്ര ദൂരമാണ് പിന്നാക്കം നടന്നതെന്ന കാര്യം അവര്‍ക്ക് വിളിച്ചു പറയേണ്ടി വന്നു.അപ്പോഴാണ് നാം കൊണ്ടാടിയ എല്ലാ വിഗ്രഹങ്ങള്‍ക്കും പൊയ്ക്കാലുകളാണെന്ന് നമുക്ക് ബോദ്ധ്യമായത്.ബോദ്ധ്യമായിട്ടും ബോദ്ധ്യമാകാത്തവരുടെയും നാടായി എന്റെ കേരളം മാറിയിരിക്കുന്നുവെന്നും ഇന്ന് ഞാന്‍ അറിയുന്നു

Tuesday, April 24, 2012

സമരമേ നന്ദി

 തൊഴിലാളികളുടെ സമരം കൊണ്ട് കത്തി നിന്ന ചരിത്രം മഹാരാഷ്ട്രയുടെ തീഷ്ണമായ പാഠങ്ങളില്‍ ഒന്നാണ്.അതില്‍ പ്രധാനപ്പെട്ട നഗരം തന്നെയായിരുന്നു മുംബൈ.അവിടെയാണ് സമരം ചെയ്യുന്നവരെ ആറുമാസത്തോളം തടവിലിടുന്ന നിയമം സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്.മുംബൈ ഉള്‍പ്പെടെയുള്ള നഗരത്തിന്റെ സമരവീര്യം ഇന്ന് ഗതകാല സ്മരണ മാത്രമാണ്.ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒരു കാലത്ത് വിറപ്പിച്ച നഗരം ഇന്ന് ആ നേതാവിനെപ്പോലെ തന്നെ ശീതകാലാവസ്ഥയിലാണ്.

മില്‍തൊഴിലാളികള്‍ എന്ന സംജ്ഞപോലും ഇന്നില്ലാതായിരിക്കുന്നു.ഒരു കാലത്ത് മില്‍ തൊഴിലാളികളുടെ പറുദീസയായിരുന്ന പരേല്‍ മുഴുവന്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പറുദീസയായിരിക്കുന്നു.തൊഴിലാളി സംഘടനാ ശക്തികൊണ്ട് പ്രക്ഷുബ്ധമായിരുന്ന ഇന്ന് മുംബൈ നഗരം ശാന്തമാണ്.തൊഴിലാളി നേതാക്കള്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് മുതലാളിമാരായി മാറിയിരിക്കുന്നു.പണ്ട് തൊഴിലാളികളുടെ പേരില്‍ കരസ്ഥമാക്കിയിരുന്ന ഓഫീസുകള്‍ ഇന്ന് തൊഴിലാളി നേതാക്കന്മാരുടെ കൈയിലാണ്.അതില്‍ മിക്കതും കോടിക്കണക്കിന് രുപയ്ക്ക് കൈമാറിക്കഴിഞ്ഞു.അക്കാര്യത്തെ ചോദ്യം ചെയ്യാന്‍ ഇന്ന് തൊഴിലാളി പോയിട്ട് ആരുമില്ല.പ്രതിരോധത്തിന്റെ എല്ലാ ശബ്ദങ്ങളും ഈ നഗരത്തില്‍ നിന്ന് എന്നെ ഒലിച്ചുപോയിരിക്കുന്നു.


അത്തരമൊരു കാലികാവസ്ഥയിലാണ് സര്‍ക്കാര്‍ സമരം ചെയ്യുന്നവരെ തടവറയിലേക്ക് ക്ഷണിക്കുന്ന നിയമം പാസാക്കിയിട്ടുള്ളത്.ഇക്കാര്യം തൊഴിലാളി വിരുദ്ധം തന്നെയാവാം.എന്നാല്‍ ഇക്കാര്യത്തിനെതിരെ ഒരു ചെറുശബ്ദം പോലും ഉയര്‍ന്നുപൊങ്ങിയിട്ടില്ല.അതിനുള്ള നട്ടെല്ല് ഒരു രാഷ്ട്രീയ നേതാവിനുമില്ല.സമരം ചെയ്യുന്നവരെ തടവിലടക്കുന്നത് കരിനിയമം തന്നെയാണെങ്കിലും അതിനെതിരെ ശബ്ദം ഉയര്‍ന്നുപൊങ്ങാത്തതെന്തെന്ന കാര്യത്തെപ്പറ്റിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്.അത്രമാത്രം ശവപ്പറമ്പായിരിക്കുന്നു മുംബൈയുടെ പ്രതിരോധം.

Tuesday, February 14, 2012

പുതിയ പുഷ്പങ്ങള്‍ വിടരട്ടെ

മുമ്പ് സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവര്‍ തമ്മില്‍ ഒരു കൂട്ടായ്മനിലനിന്നിരുന്നു.സിനിമാസംവിധായകര്‍,കവികള്‍,കഥാകൃത്തുക്കള്‍,നാടകകൃത്തുക്കള്‍,അഭിനേതാക്കള്‍ ഇവരെല്ലാം ചേര്‍ന്ന് പൊതുവായ അന്വേഷണമുണ്ടായിരുന്നു.അത്തരത്തിലുള്ള ഷെറിംഗ് ഇന്നില്ല.താനെന്തെഴുതുന്നുവെന്ന് പുറത്തറിഞ്ഞാല്‍ മോഷ്ടിക്കുമോ എന്ന ആശങ്ക ഓരോ എഴുത്തുകാര്‍ക്കും വന്നിരിക്കുന്നു -കവി സച്ചിദാനന്ദന്‍

കവി സച്ചിദാനന്ദന്‍ പങ്കുവെച്ച ആശങ്ക കേരളത്തില്‍ മാത്രം നിലനില്‍ക്കുന്നതല്ല.മറുനാട്ടിലും ഇതേ കാര്യം തന്നെയാണ് നിലനില്‍ക്കുന്നത്.മുമ്പ് മഹാനഗരത്തില്‍ നിലനിന്നിരുന്ന എത്രയോ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു തിടം വച്ച് പുഷ്പിച്ചത് ഇത്തരം കുട്ടായ്മകളിലൂടെയായിരുന്നു.കവികള്‍ തന്നെ നാടകപ്രവര്‍ത്തകര്‍ക്കൊപ്പവും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊപ്പവും സംവദിക്കാനും പുതിയ കാര്യങ്ങള്‍ നഗരത്തില്‍ പൊട്ടിമുളപ്പിക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നു.ആ മണ്ണിലാണ് ഭോമയും സ്പാര്‍ട്ടാക്കസും ചിലി-73യും വീണ് പുഷ്പിച്ചത്.അന്ന് നഗരത്തില്‍ വിടര്‍ന്നു നിന്ന നുറുകണക്കിന് വ്യത്യസ്ത പൂക്കള്‍ക്ക് വ്യത്യസ്ത സുഗന്ധമുണ്ടായിരുന്നു.ആ പൂക്കളാണ് സമൂഹത്തിന്റെ ചിന്തയില്‍ അഗ്നി കോരിനിറച്ചത്.ആ അഗ്നി പൊടുന്നനെ കെട്ടടങ്ങുകയും ചെയ്തു.

Monday, December 12, 2011

മരിയോ മിറാന്‍ഡ കലര്‍പ്പില്ലാത്ത വരയുടെ സൗന്ദര്യം


ഹാസ്യത്തെ പൂര്‍ണമായും അനാവരണം ചെയ്യാതെ നിഗൂഢമായി തന്റെ വരകളില്‍ കുടിയിരുത്തിയ മഹാനായ കുലപതിയായിരുന്നു മരിയോ മിറാന്‍ഡ. വരകളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയ മിറാന്‍ഡ തന്നെത്തന്നെ അവയില്‍ കുടിയിരുത്തി. മരിയോ മിറാന്‍ഡ എന്ന് രേഖപ്പെടുത്തിയില്ലെങ്കിലും ഈ വര, ഈ കാര്‍ട്ടൂണ്‍, ഈ കാരിക്കേച്ചര്‍ ഇത് മരിയോ മിറാന്‍ഡയുടെതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വരയും.

വരകളില്‍ എക്കാലവും പുതുമ സൂക്ഷിച്ചു അദ്ദേഹം. പോര്‍ച്ചുഗീസ്, ഗോവന്‍ സാംസ്‌കാരികധാരകളുടെ പാരമ്പര്യം വരകളിലൂടെ ലോകത്തിന് പകര്‍ന്നുനല്‍കി. ഇത് മിറാന്‍ഡയുടെ വരയെന്ന് കൊച്ചുകുട്ടി പോലും വിളിച്ചുപറയുന്നത്ര ലാളിത്യവും ആ വരകള്‍ക്ക് അവകാശപ്പെട്ടതാണ്.

ഗോവയുടെ പ്രകൃതിസൗന്ദര്യത്തോടൊപ്പം മുംബൈയുടെ പ്രാചീനതാ ഗന്ധവും അദ്ദേഹത്തിന്റെ വരകളില്‍ തങ്ങിനിന്നു. എത്രയോ പത്രങ്ങളില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്കൊപ്പം പ്രകൃതിദൃശ്യങ്ങളുടെ കാരിക്കേച്ചറിലൂടെയും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.