നമ്മുടെ ഭക്ഷണം,വസ്ത്രം,ചിന്ത,ആചാര രീതികള്‍,വിശ്വാസം ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭരണകൂട ഫാസിസം പിടിമുറുക്കുന്ന കാലമാണിത്.നാം കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ഫാസിസം അതിന്റെ രുചി നിശ്ചയിക്കുകയാണ്.മറ്റ് ഇതര മനുഷ്യസമൂഹങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെയും പല വിധത്തിലുള്ള രുചി ഇണക്കങ്ങളെയും ഭീഷണമായ രീതിയില്‍ മാറ്റിമറിക്കാന്‍ ഭരണകൂട ഭീകരത അടിച്ചേല്‍പ്പിക്കുകയാണിപ്പോള്‍.
ഇന്ത്യ എന്ന രാജ്യം,അതിന്റെ വൈവിദ്ധ്യം,സാംസ്‌ക്കാരിക,ആന്തരിക സത്ത നിലനില്‍ക്കുന്നത്,അതിന്റെ വൈവിദ്ധ്യത്തിലാണ്.നാനാത്വത്തില്‍ ഏകത്വം എന്ന് നാം കൊട്ടിഘോഷിക്കുന്ന നട്ടെല്ലിനെയാണ് ഓരോ നടപടികളിലൂടെയും ഭരണകൂടം ഇല്ലാതാക്കുന്നത്.
സംഘികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുള്ള മേഖലയില്‍ എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ച് നിയമനിര്‍മ്മാണം നടത്തുകയും,ഇല്ലാത്ത ഇടങ്ങളില്‍ അക്രമങ്ങള്‍ക്കൊണ്ടും അവര്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട ഭയാനകാം വിധം നടപ്പിലാക്കുന്നു.ഇന്ത്യയിലെ അഞ്ചുശതമാനം പോലും വരാത്ത ഒരു ന്യൂനപക്ഷവിഭാഗത്തിന്റെ ഭക്ഷണസംസ്‌കാരത്തെയും രുചിതാല്‍പര്യങ്ങളുടെയും മേല്‍ കുതിരകയറുകയാണ് ഇപ്പോള്‍ ഭരണകൂടം.അതിന്റെ പ്രകടിത രുപമാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നടപ്പിലാക്കിയ ബീഫ് നിരോധനം.
ഹിന്ദുവിശ്വാസികളുടെ പൊതുബോധത്തിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുന്ന വിശുദ്ധപശുബോധം, പശുവിന്റെ ദൈവികപരിവേഷത്തിനും പശു ഇറച്ചി വിരോധ പ്രചരണങ്ങള്‍ക്കും ഗോവധനിരോധന അജണ്ടകള്‍ക്കും വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്.ലോകത്തിലെ എല്ലാ ജീവജാലങ്ങളും നമ്മുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായിട്ടുണ്ട്.അതില്‍ പശുവും എലിയും പാമ്പും ഭിന്നമല്ല.എന്നാല്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയും സമൂഹത്തില്‍ വിഭജിത മനസ്സുകള്‍ സൃഷ്ടിക്കാനും,ഇതിന്റെ പേരില്‍ ഇന്ന് കലാപങ്ങള്‍ സൃഷ്ടിക്കാനും വിശുദ്ധ പശുവിലൂടെ കഴിയും എന്നവര്‍ക്കറിയാം.പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന എത്രയോ കലാപങ്ങളുണ്ട്.
ജാതികളും ഉപജാതികളും കെട്ടുപിണഞ്ഞു കിടക്കുന്ന വൈവിദ്ധ്യവും വിഭിന്നങ്ങളുമായ വിഭാഗത്തെ ഹിന്ദുവെന്ന് മൊത്തത്തില്‍ വിളിച്ചത് സെമിറ്റിക് മതങ്ങളാണ്.വ്യത്യസ്തമായ ഭക്ഷണക്രമങ്ങള്‍ നിലനില്‍ക്കുന്ന അവരുടെ മേലാണ് പുതിയ അജണ്ട നടപ്പിലാക്കുന്നത്.ബ്രാഹ്മണ സവര്‍ണ വിഭാഗത്തിന്റെ വിശ്വാസ സംഹിതകളുടെ അളവുകോലുകള്‍ വെച്ചാണ് എല്ലാ ജാതികളിലേക്കും ഫാസിസം അരിച്ചുകയറുന്നത്.ഇതാണ് ശരിയെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ സംഘികള്‍ വലിയതായി കൊണ്ടാടുന്ന ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങള്‍ എന്നു പറയുന്ന ഋഗ്വേദത്തിലും അഥര്‍വവേദത്തിലും മറ്റു പുരാണ ഗ്രന്ഥങ്ങളിലുമല്ലാം പശുവിന്റെ ഇറച്ചി ഭക്ഷിക്കുന്നതിനെകുറിച്ചും, പശുവിനെ യാഗങ്ങള്‍ക്കുവേണ്ടി ബലികഴിക്കുന്നതിന്റെയും കൃത്യമായ വിവരണങ്ങള്‍ കൊടുത്തിട്ടുണ്ട്..ബ്രഹ്മജ്ഞാനം അറിയുന്ന ബ്രാഹ്മണന്‍ മുമ്പ് ബീഫ് കഴിച്ചില്ലെങ്കില്‍ അയാളെ ബ്രാഹ്മണനായി അംഗീകരിച്ചിരുന്നില്ലെന്നും വിവേകാനന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്‍ക്കായി ബലിനല്‍കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്‍ വിധിയുണ്ട്.പുരോഹിതര്‍ പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു. ബലിനല്‍കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്.യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം വ്യക്തമാക്കിയിട്ടുണ്ട്. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് നല്ല പുത്രനുണ്ടാവാന്‍ ദമ്പതികള്‍ ചോറും, ഇളംപ്രായമുള്ളതോ മുതിര്‍ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്‍ത്ത് കഴിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്‍ണ്ണനകളുണ്ട്.
ബ്രാഹ്മണന് ഒരുകാലത്ത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിഭവമായിരുന്നു പശുഇറച്ചി പിന്നീടുവന്ന ബുദ്ധ ജൈനമതങ്ങളുടെ സ്വാധീനത്തോട് കൂടിയാണ് പശുഇറച്ചിയെന്നുമാത്രമല്ല എല്ലാ മാംസആഹാരങ്ങളും ഹിന്ദുവിഭാഗത്തിലെ ന്യൂനപക്ഷമായ സവര്‍ണ്ണ വിഭാഗത്തിനു മതപരമായി ഭക്ഷണയോഗ്യമല്ലാതെയായത്, എന്നത് ചരിത്ര വസ്തുതയാണ്.മാംസാഹാരം കഴിക്കുന്നവര്‍ ക്രൂരന്മാരാണ് എന്ന പ്രചരണവും ഇതിന്റെ ഭാഗമായി അന്തരീക്ഷത്തിലുണ്ട്.എന്നാല്‍ ഗാന്ധിജി കൊല്ലപ്പെട്ടത് പച്ചക്കറി മാത്രം തിന്നിരുന്ന ഒരു ബ്രാഹ്മണന്റെ വെടിയേറ്റാണെന്ന ചരിത്രം മറക്കരുത്.ശ്രീബുദ്ധന്‍ അഹിംസാ സിദ്ധാന്തവുമായി വന്നില്ലായിരുന്നെങ്കില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും സര്‍വ്വനാശം സംഭവിക്കുമായിരുന്നു. ബ്രാഹ്മണ മതത്തില്‍ അത്ര മാത്രം മൃഗബലികളും മറ്റുമാണ് നടന്നിരുന്നത്.
വര്‍ഷങ്ങളായി ചങ്ങല പേറിയ ജനത അത് സ്വന്തം ശരീരഭാഗമാണെന്ന് തെറ്റിദ്ധരിക്കുന്നതുപോലെയാണ് അവര്‍ണ്ണന്‍ സ്വയം ഹിന്ദുക്കളായി കരുതുന്നതെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതും ഇവിടെ മാംസാഹാരത്തിന്റെ പേരില്‍ ശ്രദ്ധയോടെ വായിച്ചെടുക്കേണ്ടതുണ്ട്.മാംസാഹാരം ഭാരത സംസ്‌കാരത്തിനെതിരാണെന്നാണ് സംഘികള്‍ ഇപ്പോള്‍ പറയുന്നത്.പശുമാംസം എന്നത് പലപ്പോഴും മുസ്ലിം ജനവിഭാഗങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഒരു ആയുധമായിരുന്നു എന്നത് നമുക്കൊരു പുതിയ അറിവല്ല.ബ്രീട്ടീഷ് ഭരണകാലം മുതല്‍ ഇത് ഫലപ്രദമായി ഭരണാധികാരികള്‍ ഉപയോഗിച്ചിട്ടുണ്ട്.പശുവിനൊപ്പം പന്നി മാസത്തെയും മനസ്സിന്റെ വിഭജനത്തിന് നന്നായി ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ക്കറിയാം.
ശൂദ്രരും ദലിതരും ആദിവാസികളും ഒപ്പം വിശാലമായ ജനസാമാന്യവും ഇഷ്ടഭക്ഷണം മാംസവും മത്സ്യവും പശുവിറച്ചിയും തന്നെയായിരുന്നു.അത് മുസ്ലീംങ്ങളുടെയും ക്രിസ്ത്യാനികളുടെതുമായി വിശുദ്ധ പശുവിലൂടെ ചുരുക്കി കാണരുത്.ഏതു ഭക്ഷണം കഴിക്കാനുള്ള വ്യക്തിയുടെ ജനാധിപത്യാവകാശത്തെ ലംഘിക്കുന്നതാണ് മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയ ബീഫ് നിരോധനം.ജനങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കരുത്.നിങ്ങള്‍ക്ക് ബീഫ് കഴിക്കാം, കഴിക്കാതിരിക്കാം അത് വ്യക്തിയുടെ സ്വതന്ത്ര്യമാണ്.അതില്‍ ഭരണകൂടം,തന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുമ്പോള്‍,അത്തരം ഭീകരതയെ നാം തിരിച്ചറിയുക തന്നെ വേണം
No comments:
Post a Comment