Thursday, November 22, 2012

ജനസാഗരം ബാല്‍താക്കറെക്ക് വിട നല്‍കി

മറാഠജനതയുടെ ആത്മവീര്യത്തിന് ജനസാഗരം വിട നല്‍കി.ബാല്‍താക്കറെ ഇനി ഇതിഹാസം.മുംബൈ നഗരം ബാല്‍ഗംഗാധര തിലകന്റെയോ അംബേദ്ക്കറുടെയോ വിയോഗത്തില്‍ കാണാത്ത വന്‍ജനസാഗരം തന്നെയാണ് ബാല്‍താക്കറെയുടെ വിയോഗത്തിന് സാക്ഷിയായത്.ബാല്‍താക്കറെയുടെ രാഷ്ട്രീയജീവിതത്തിന് നാന്ദി കുറിച്ച ദാദറിലെ ശിവാജിപാര്‍ക്കില്‍ തന്നെ ഒരു നോക്ക് ദുരെയാണ് ഹിന്ദുഹൃദയ സാമ്രാട്ട് എരിഞ്ഞടങ്ങിയത്.

ദാദര്‍ ശിവാജി പാര്‍ക്കില്‍ ബാല്‍താക്കറെ ദസറ റാലിയില്‍ ജ്വലിച്ചു നിന്ന അതേ ഭൂമികയില്‍ അന്ത്യാഭിവാദ്യമേറ്റുവാങ്ങാന്‍ കിടന്നപ്പോള്‍ പതിനഞ്ചു ലക്ഷത്തിലധികം വരുന്ന ജനത ഏതെല്ലാമോ ഓര്‍മ്മകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി നിറകണ്ണുമായി നിന്നു.വിതുമ്പുന്ന ജനസഞ്ചയത്തിന്റെ ഹൃദയമേറ്റുവാങ്ങിയ മറാഠജനനായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ.വരും തലമുറയ്ക്ക് മുന്നില്‍ അനശ്വരനാമമായി, ഇതിഹാസമായി ബാല്‍താക്കറെ.

മുംബൈയുടെ വേദനയാര്‍ന്ന ഹൃദയത്തിലുടെ,മനുഷ്യസ്‌നേഹത്തിന്റെ മഹാസാഗരം കടന്ന് ശിവാജിപാര്‍ക്കില്‍ ജനനായകന്റെ ഭൗതികശരീരം എത്തിയപ്പോള്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിയിരുന്നു.തൊട്ടടുത്ത കടലില്‍ ഉയര്‍ന്ന തിരമാലകളെപ്പോലെയാണ് വേദനയാര്‍ന്ന ജനസമുദ്രം ശിവാജിപാര്‍ക്കിനെ കീഴടക്കിയത്.

ശിവാജി പാര്‍ക്കില്‍ ബാല്‍താക്കറെയുടെ ഭൗതികശരീരം അന്ത്യദര്‍ശനത്തിനായ് കിടത്തിയപ്പോള്‍.നിറകണ്ണുമായി മകനും ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡണ്ടുമായ ഉദ്ദവ് താക്കറെ തൊട്ടടുത്ത് തന്നെ നിന്നു,വേര്‍പാട് അടക്കാനാവാതെ പലപ്പോഴും ഉദ്ദവ് വിങ്ങിപ്പൊട്ടി,മകന്‍ ആദിത്യതാക്കറെയാണ് ഉദ്ദവിന് താങ്ങായത്.പലപ്പോഴും ചുമലില്‍ തട്ടി ആദിത്യ,ഉദ്ദവിനെ സാന്ത്വനിപ്പിക്കുന്നത് കാണാമായിരുന്നു.