മുംബൈയില്‍ നിന്ന് കണ്ണുരിന്റെ മണ്ണിലേക്ക് കൃത്യം ദുരം പതിനെട്ട് മണിക്കുറാണെങ്കില്‍,മയ്യഴിയില്‍ നിന്ന് തപന്റെ നാടായ കൊല്‍ക്കത്തയിലേക്ക് ഒരു മനുഷ്യജന്മത്തിന്റെ ദുരമുണ്ടെന്ന് മനസ്സിലായത് ഈ കേരളയാത്രയിലാണ്.എന്റെ സ്വന്തം നാട്ടില്‍ പോലും മനുഷ്യനെ മനസ്സിലാക്കാനാവാതെ, ഇരുണ്ട തമോഗര്‍ത്തങ്ങളില്‍, സംശയത്തിന്റെ അഗാധതയില്‍,തള്ളിയിടാന്‍ പ്രസ്ഥാനങ്ങള്‍ വെമ്പല്‍ കൊള്ളുന്നതും കാണേണ്ടി വന്നു..അധികം ദൂരയല്ലാത്ത നാട്ടില്‍ ഒരു മനുഷ്യന്റെ മുഖത്തേറ്റ അമ്പത്തിഒന്ന് വെട്ടുകള്‍,ആ വെട്ടിലേക്ക് എത്തിച്ച സംശയഗ്രസ്തമായ ആത്മാവുകള്‍ പറന്നെത്തുന്നത് വെള്ളിയാംങ്കല്ലിലാവണം.അവിടെ വെച്ചാണ് ദാസനും ചന്ദ്രികയും അന്‍ഫോസാച്ചനും മാഗിയമ്മയും ചിറകിട്ടടിച്ചു പറന്നുയര്‍ന്നത്.അത് ഹൃദയത്തിലാണ് ചേക്കേറിയതെങ്കിലും,അതിന്റെ സൃഷ്ടാവിന്റെ ഹൃദയത്തിന് അമ്പത്തി ഒന്നല്ല,അനേകം സുക്ഷ്മമായ ദ്വാരങ്ങള്‍ ഉണ്ടെന്ന് മലയാളി വായനക്കാരന് പിടികിട്ടിയത് അടുത്തീയിടെ മാത്രമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുട്ടത്തുവര്‍ക്കി അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മാഹി കലാഗ്രാമത്തില്‍ വെച്ച് അന്ന് ഈ മാനവഹൃദയം പരിതപിച്ചത് ദാസനെയും ചന്ദ്രികയ്ക്കും വേണ്ടിയാണ് ഈ പുരസ്‌ക്കാരം സ്വീകരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ്.അന്ന് സിരകളിലുടെ ഏതോ വൈദ്യുതി സ്പര്‍ശം പാഞ്ഞുപോയെങ്കിലും ആ വൈദ്യുതാലിംഗനം ഇന്നും എന്റെ ഹൃദയത്തിലുണ്ട്.അന്ന് അയാളുടെ ഭാഷണത്തോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച മലയാള കഥയെ സ്വപ്‌ന സന്നിഭമാക്കിയ യു.പി.ജയരാജ് ഉയര്‍ത്തിയ വിമര്‍ശം കാലത്തിനു മുമ്പെ എറിഞ്ഞ ദര്‍ശനമായിരുന്നെന്ന് ഇപ്പോള്‍ തോനുന്നു.ഇന്ന് യു.പി.ജയരാജില്ല,ചന്ദ്രികയും ദാസനും സ്വപ്‌നം കണ്ട് നാട് എത്രയോ മാറിയിരിക്കുന്നുവെന്ന് അതിന്റെ സൃഷ്ടാവിന്റെ മൗനം തന്നെ നമ്മോട് അടക്കം പറയുന്നു.
മറുനാട്ടില്‍ മാത്രം ജീവിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവില്ല.ഇടയ്ക്ക് നാട്ടില്‍ എത്തിനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം പിടികിട്ടും.നഗരമാണോ അതോ ഗ്രാമമാണോ മാറിയതെന്ന് നമുക്ക് മനസ്സിലാവുന്നില്ല.നമ്മിലെ മനുഷ്യത്വമാണോ നമ്മെ നോക്കി പല്ലിളിക്കുന്നതെന്നും വ്യക്തമാകുന്നില്ല.
മുംബൈയിലെ തെരുവിലെ അധോലോകത്തിന്റെ കണക്ക് തീര്‍ക്കലില്‍ പോലും മനുഷ്യത്വമുണ്ട്.ഭീകരാക്രമണത്തിന്റെ നൃശംസ്യതയില്‍ പോലും ഒരു വെടിയുണ്ടയില്‍ ഒരു നിലവിളി അവസാനിപ്പിക്കാനാവും.എന്നാല്‍ ഹ്യുമണ്‍ ഇന്‍ഡക്‌സിന്റെ കാര്യത്തില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍,നിരായുധനായ ഒരാളെ,അയാളുടെ എന്തിനെയും നേരിടാനുള്ള ധൈര്യത്തെ,ആ സ്ഥൈര്യത്തെ നടുറോഡില്‍ ഇട്ട് വെട്ടുമ്പോള്‍ ഒഴുകി പരന്ന ചോര,ആ വെട്ടുന്നവരുടെ മനസ്സില്‍ ഒന്നും സൃഷ്ടിച്ചില്ലെങ്കില്‍ പോലും,ആ മനുഷ്യനെപ്പറ്റി ഓര്‍ക്കാന്‍,എല്ലാവരെയും ഓര്‍മ്മപ്പെടുത്താന്‍ വംഗദേശത്തുനിന്ന് തപന്റെ അമ്മ തന്നെ വരേണ്ടി വന്നു.ആ മഹതി കണ്ട കാഴ്ചകള്‍ വളരെ വലുതാണ്.ആ കാഴ്ചകള്‍ സമ്മാനിച്ച വേദനയാണ് അവരെ മഹാത്മാവായ എഴുത്തുകാരിയാക്കിയത്.
70കളിലെ സിദ്ധാര്‍ത്ഥ ശങ്കര്‍റായുടെ കൊല്‍ക്കത്തയില്‍ നിന്ന് ജ്യോതി ബസുവിലേക്കും,ബുദ്ധദേവിലേക്കും പിന്നീട് മമതയിലേക്കും സഞ്ചരിച്ച കൊല്‍ക്കത്തയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ തപിക്കുന്ന ദൃക്‌സാക്ഷിയാണവര്‍.അവര്‍ക്കറിയാത്ത ചോരചാലുകളില്ല.അവര്‍ വരേണ്ടി വന്നു കേരളമനസ്സിനെ തൊട്ടുണര്‍ത്താന്‍,ഭര്‍ത്സിക്കാന്‍,വേദനിപ്പിക്കാന്‍.ഈ കഴുതകള്‍ എത്ര ദൂരമാണ് പിന്നാക്കം നടന്നതെന്ന കാര്യം അവര്‍ക്ക് വിളിച്ചു പറയേണ്ടി വന്നു.അപ്പോഴാണ് നാം കൊണ്ടാടിയ എല്ലാ വിഗ്രഹങ്ങള്‍ക്കും പൊയ്ക്കാലുകളാണെന്ന് നമുക്ക് ബോദ്ധ്യമായത്.ബോദ്ധ്യമായിട്ടും ബോദ്ധ്യമാകാത്തവരുടെയും നാടായി എന്റെ കേരളം മാറിയിരിക്കുന്നുവെന്നും ഇന്ന് ഞാന്‍ അറിയുന്നു
ചിലര്‍ വിളിച്ചു പറയുന്നു സാംസ്‌ക്കാരിക നായകര്‍ പ്രതികരണ തൊഴിലാളികളാണോ എന്ന്,പാതകങ്ങള്‍ മഴപോലെ പെയ്യുമ്പോള്‍ അതിനെതിരെ ശബ്ദിക്കാതിരിക്കുന്നവര്‍ ഷണ്ഡന്മാരാണ് എന്ന് നമുക്ക് വിളിച്ചു പറയാമെങ്കിലും അവരുടെ വയസ്സോര്‍ത്ത്,ജീവിതാനുഭവങ്ങളോര്‍ത്ത് വിളിച്ചു പറയാത്തത്,നമ്മില്‍ കുടികൊള്ളുന്ന അല്്പം ബോധം,മാനുഷ്യകത്തെപ്പറ്റിയുള്ള വേദനയുള്ളതിനാലാണ്.തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജില്‍ വെച്ച് മലയാളം മാത്രമല്ല,ഈ കെട്ടുനാറുന്ന ലോകത്ത്,അന്തസ്സോടെ ജീവിക്കണമെങ്കില്‍,നട്ടെല്ലുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയുമെന്ന് എന്റെ ഗുരുനാഥന്മാര്‍ വിളിച്ചു പറഞ്ഞു.ഇരുട്ടിനെ രോധിക്കുന്നവനാണ് ഗുരു.അത്തരം ഗുരുക്കന്മാര്‍ എന്‍.പ്രഭാകരന്റെയും കല്പറ്റ നാരായണന്റെയും രുപത്തില്‍ മൗനം മുറിച്ച് പറന്നുയര്‍ന്നപ്പോള്‍ അവരെ ഓര്‍ത്ത് അഭിമാനിക്കാന്‍ ഈ ലോകത്ത്്് നിരവധി പേരുണ്ടായി എന്നത്് വലിയ അഭിമാനം തന്നെയാണ്.ആ അഭിമാനം സര്‍വ്വജ്ഞ പീഠം നേടിയവരെക്കാള്‍ മഹത്തരം തന്നെയാണ്.ഈ മൗനം കുറ്റകാരമാവുന്ന ഒന്നാണെന്ന് ലോകത്തോട് വിളിച്ചു പറയാന്‍ രെു കല്പറ്റ നാരായണനെങ്കിലും ബാക്കിയുണ്ടല്ലോ എന്ന കാര്യത്തിലാണ് എന്റെ അഭിമാനം.അയാള്‍ എന്റെ ഗുരുനാഥന്‍ കുടിയാണല്ലോ എന്ന കാര്യമോര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സാ നമസ്‌ക്കരിക്കുന്നു.
അമ്പത്തിഒന്ന് വെട്ടേറ്റ് പിടഞ്ഞുവീണ, മരണത്തെ സധൈര്യം പുല്‍കിയ ആ മനുഷ്യന്റെ കൈയില്‍ തന്നെ സുക്ഷിക്കാന്‍ ഒരു കഠാരപോലും ഉണ്ടായിരുന്നില്ലെന്ന് നാം അറിയുന്നു.തന്നെ സംരക്ഷിക്കാനാവാത്ത ലോകത്തിന്റെ മുഖത്തേക്ക് തന്നെ തന്നെ വലിച്ചെറിയുകയായിരുന്നു ആ വലിയ മനുഷ്യന്‍,അയാള്‍ക്കല്ല,അയാളുടെ മുഖത്തിനെല്ല അമ്പത്തിഒന്ന് വെട്ടെറ്റത്,മലയാളിയുടെ കാപട്യമാര്‍ന്ന ജീവിത,സാംസ്‌ക്കാരിക ബോധത്തിനാണെന്ന് ബോദ്ധ്യപ്പെട്ടതും ഈ കേരളയാത്രയില്‍ തന്നെയാണ്.കൊല്ലാനെ കഴിയൂ,തോല്പിക്കാനാവില്ല എന്ന് രമ എന്ന വനിത കാണിച്ച ധൈര്യം പകര്‍ന്ന ഒരു വാക്ക് പോലും സാംസ്‌ക്കാരികമെന്ന് വിളിക്കാവുന്ന കേരളീയ മനസാക്ഷിയില്‍ നിന്നുണ്ടായില്ല.'ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍' എന്ന് പാടിയ വൈലോപ്പിള്ളി ജീവിച്ച നാടാണ് കേരളമെന്ന കാര്യം നാം എത്ര വേഗത്തിലാണ് മറന്നുപോയത്.
സമുഹത്തിനെല്‍ക്കുന്ന മുറിവില്‍ പരിതപിക്കേണ്ടവരാണ് എഴുത്തുകാര്‍,എന്നാല്‍ അവരെവിടെയായിരുന്നു.?വലിയ മനുഷ്യനല്ലെങ്കിലും ഡ്രോഗ്ബെ എന്ന ഐവറി കോസ്റ്റിലെ ഫുട്്്‌ബോളറര്‍ സമാധാനത്തിന്റെ വക്താവായി മാറിയത് ഒറ്റ നീക്കത്തിലൂടെയാണ്.2006ല്‍ ഐവറി കോസ്റ്റ് ലോകകപ്പ് ഫ്ട്ബാള്‍ മത്സരത്തില്‍ ക്വാളിഫൈ ചെയ്ത നിമിഷത്തില്‍ ആ മണ്ണില്‍ മുട്ടു കുത്തി നിന്ന് ഡ്രോഗ്ബെ എന്ന മനുഷ്യന്‍ ആവശ്യപ്പെട്ടത് തന്റെ നാട്ടില്‍ വംശീയകലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളോട് അത് അവസാനിപ്പിക്കാന്‍ അപേക്ഷിക്കുകയായിരുന്നു.ആ അപേക്ഷയെ തുടര്‍ന്ന് അഞ്ചു വര്‍ഷമായി തുടര്‍ന്ന് വംശീയ കലാപം അവസാനിപ്പിക്കുകയായിരുന്നു.ആ ഒരഭ്യര്‍ത്ഥന ചരിത്രത്തിന്റെ തന്നെ ഗതി മാറ്റി.ഡ്രോഗ്ബെ എന്ന മനുഷ്യന്‍ സമാധാനത്തിന്റെ വക്താവായി ചരിത്രത്തിലേക്ക് പറന്നെത്തിയത് വലിയ ചരിത്രമാണ്.കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ ഇക്കാര്യം ഒന്നാലോചിച്ചിരുന്നെങ്കില്‍ 'എംബംഡഡ്' സാംസ്‌ക്കാരികബോധം ഉപേക്ഷിക്കുകയും നട്ടെല്ലില്‍ നിവര്‍ന്ന് നില്‍ക്കുകയും ചെയ്യുമായിരുന്നു.ആ അവസരവും ജനതയ്ക്ക് ഇവരിലുണ്ടായിരുന്ന വിശ്വാസവുമാണ് കളഞ്ഞു കുളിച്ചത്.
മുപ്പത്തി അഞ്ച് വര്‍ഷം മുമ്പ് തന്നെ വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് വര്‍ഗ്ഗീസെന്ന സാധാരണക്കാരന്റെ കണ്്ഠത്തില്‍ നിന്നുയര്‍ന്ന മുദ്രാവാക്യമാണ് രാമചന്ദ്രന്‍ നായരുടെ ഉറക്കം കൊടുത്തിയത്.ആ സത്യം ലോകത്തിനോട് വിളിച്ചുപറഞ്ഞാണ് അയാള്‍ മരണപ്പെട്ടത്.ഇപ്പോള്‍ അമ്പത്തിഒന്ന് വെട്ടില്‍ കാലം അവസാനിക്കില്ല.സ്ഥൈര്യവാനായ ആ മനുഷ്യനെ കൊലയ്ക്ക് കൊടുത്ത ലോകം തന്നെ ഇതിനു പിന്നില്‍ ഇരുണ്ടു കുടിയ മര്‍മ്മരങ്ങളെയും മൗനങ്ങളെയും വാള്‍ത്തലപ്പുകളെയും കുറിച്ച് ലോകത്തോട് വിളിച്ചു പറയാതിരിക്കില്ല.സത്യത്തിന്റെ മുര്‍ച്ഛ വാള്‍ത്തലപ്പിനെക്കാള്‍ കഠിനമാണ്.
Great,
ReplyDeleteVakkukal Vachalangalakunnathum Valthalayekkal Moorchakoottunnathum Njan ariyunnu
Lalsalam
V.N. Soman
Punnapra
{Gurudevagiri]