Tuesday, February 14, 2012

പുതിയ പുഷ്പങ്ങള്‍ വിടരട്ടെ

മുമ്പ് സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവര്‍ തമ്മില്‍ ഒരു കൂട്ടായ്മനിലനിന്നിരുന്നു.സിനിമാസംവിധായകര്‍,കവികള്‍,കഥാകൃത്തുക്കള്‍,നാടകകൃത്തുക്കള്‍,അഭിനേതാക്കള്‍ ഇവരെല്ലാം ചേര്‍ന്ന് പൊതുവായ അന്വേഷണമുണ്ടായിരുന്നു.അത്തരത്തിലുള്ള ഷെറിംഗ് ഇന്നില്ല.താനെന്തെഴുതുന്നുവെന്ന് പുറത്തറിഞ്ഞാല്‍ മോഷ്ടിക്കുമോ എന്ന ആശങ്ക ഓരോ എഴുത്തുകാര്‍ക്കും വന്നിരിക്കുന്നു -കവി സച്ചിദാനന്ദന്‍

കവി സച്ചിദാനന്ദന്‍ പങ്കുവെച്ച ആശങ്ക കേരളത്തില്‍ മാത്രം നിലനില്‍ക്കുന്നതല്ല.മറുനാട്ടിലും ഇതേ കാര്യം തന്നെയാണ് നിലനില്‍ക്കുന്നത്.മുമ്പ് മഹാനഗരത്തില്‍ നിലനിന്നിരുന്ന എത്രയോ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു തിടം വച്ച് പുഷ്പിച്ചത് ഇത്തരം കുട്ടായ്മകളിലൂടെയായിരുന്നു.കവികള്‍ തന്നെ നാടകപ്രവര്‍ത്തകര്‍ക്കൊപ്പവും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊപ്പവും സംവദിക്കാനും പുതിയ കാര്യങ്ങള്‍ നഗരത്തില്‍ പൊട്ടിമുളപ്പിക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നു.ആ മണ്ണിലാണ് ഭോമയും സ്പാര്‍ട്ടാക്കസും ചിലി-73യും വീണ് പുഷ്പിച്ചത്.അന്ന് നഗരത്തില്‍ വിടര്‍ന്നു നിന്ന നുറുകണക്കിന് വ്യത്യസ്ത പൂക്കള്‍ക്ക് വ്യത്യസ്ത സുഗന്ധമുണ്ടായിരുന്നു.ആ പൂക്കളാണ് സമൂഹത്തിന്റെ ചിന്തയില്‍ അഗ്നി കോരിനിറച്ചത്.ആ അഗ്നി പൊടുന്നനെ കെട്ടടങ്ങുകയും ചെയ്തു.


എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനഗരത്തില്‍ ചേക്കേറിയ മലയാളികള്‍ അവരുടെ കുട്ടായ്മയിലാണ് വന്‍ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പൊക്കിയത്.ഇന്ന് അത്തരം കുട്ടായ്മകള്‍ നഗരത്തിലില്ല.നിലവിലുള്ള പ്രസ്ഥാനങ്ങളാവട്ടെ വിദ്വേഷത്തിന്റെ ഉല്പാദനകേന്ദ്രങ്ങളായി മാറുകയും ചെയ്തിരിക്കുന്നു.എത്രയോ വര്‍ഷം പിന്നിട്ട പ്രസ്ഥാനങ്ങള്‍ അവരുടെ ആഘോഷപരിപാടികള്‍ നടത്തുമ്പോള്‍ അവര്‍ക്കിരിക്കാനും വിദ്വേഷമുല്‍പ്പാദിപ്പിച്ച് സ്ഥാനം ഉറപ്പിക്കാനും മാത്രമായി ഇത്തരം പ്രസ്ഥാനങ്ങള്‍ രുപം മാറിയതിന് പിന്നിലെ സാഹചര്യം നാം പരിശോധിക്കേണ്ടതാണ്. ഇന്ന് നിലനില്‍ക്കുന്ന വലിയ പ്രസ്ഥാനങ്ങള്‍ അത് കെട്ടിപ്പടുക്കാന്‍ പണിപ്പെട്ടവരെ തീര്‍ത്തും അവഗണിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്.അതേതായാലും ശരിയായ മര്യാദയല്ല. എല്ലാ മുതിര്‍ന്നവരും അവര്‍ ഈ സമുഹത്തിന് നല്‍കിയ വിയര്‍പ്പുകളെ തുടച്ചുമാറ്റിയാണ് പുതുതലമുറ കടന്നുവരുന്നതെങ്കിലും അവര്‍ക്ക് പടുത്തുയര്‍ത്താനുള്ള അസ്ഥിവാരം സൃഷ്ടിച്ചവരെ പടിയടച്ച് പിണ്ഡം വയ്ക്കുന്നത് ഒരിക്കലും ആശാസ്യമായ കാര്യമല്ല.അപ്പോള്‍ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്ന സംസ്‌ക്കാരത്തിന്റെ ഉടമകളാവരുത് നമ്മളൊരിക്കലും.
ഇന്ന് ഓരോരുത്തരും പ്രത്യേക ദ്വീപുകളിലാണ് താമസിക്കുന്നത്. അവിടെ ഇരുന്ന് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിശ്ചയമില്ലാത്ത രീതിയില്‍ മാറിയിരിക്കുന്നു.എന്തുകൊണ്ടായിരിക്കാം ഇത്തരം കുട്ടായമയുടെ സ്പന്ദനങ്ങള്‍ മലയാളിയില്‍ നിന്ന് അന്യം നിന്നു പോയതെന്ന് നാം ആലോചിക്കണം.കൂട്ടായ്മകളാണ് പുതിയ ചിന്തകളും സ്പന്ദനങ്ങളും പുതിയ അറിവുകളെയും സംവേദനത്തെയും നമ്മില്‍ എത്തിച്ചത്.ഇത്തരം സര്‍ഗ്ഗാത്മകതയുള്ള കുട്ടായ്മകളിലേക്ക് ഇനി നമുക്ക് കടന്നുകയറാനാവുമോ?,അതിന് സാദ്ധ്യമാകുമോ? എങ്കില്‍ നമുക്ക് ഇനിയും ഈ നഗരത്തില്‍ നിന്ന് പലതും ഉല്പാദിപ്പിക്കാനാവും,ചരിത്രം അതാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്.ഈ ഊഷരഭൂമിയില്‍ ഊര്‍വരതയുടെ വിത്ത് മുളപ്പിക്കാന്‍ കവി സച്ചിദാനന്ദന്റെ ചിന്ത അതിന് വെടിമരുന്നാവട്ടെ എന്ന് നമുക്കാശിക്കാം


 




No comments:

Post a Comment