Monday, December 12, 2011

മരിയോ മിറാന്‍ഡ കലര്‍പ്പില്ലാത്ത വരയുടെ സൗന്ദര്യം


ഹാസ്യത്തെ പൂര്‍ണമായും അനാവരണം ചെയ്യാതെ നിഗൂഢമായി തന്റെ വരകളില്‍ കുടിയിരുത്തിയ മഹാനായ കുലപതിയായിരുന്നു മരിയോ മിറാന്‍ഡ. വരകളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയ മിറാന്‍ഡ തന്നെത്തന്നെ അവയില്‍ കുടിയിരുത്തി. മരിയോ മിറാന്‍ഡ എന്ന് രേഖപ്പെടുത്തിയില്ലെങ്കിലും ഈ വര, ഈ കാര്‍ട്ടൂണ്‍, ഈ കാരിക്കേച്ചര്‍ ഇത് മരിയോ മിറാന്‍ഡയുടെതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വരയും.

വരകളില്‍ എക്കാലവും പുതുമ സൂക്ഷിച്ചു അദ്ദേഹം. പോര്‍ച്ചുഗീസ്, ഗോവന്‍ സാംസ്‌കാരികധാരകളുടെ പാരമ്പര്യം വരകളിലൂടെ ലോകത്തിന് പകര്‍ന്നുനല്‍കി. ഇത് മിറാന്‍ഡയുടെ വരയെന്ന് കൊച്ചുകുട്ടി പോലും വിളിച്ചുപറയുന്നത്ര ലാളിത്യവും ആ വരകള്‍ക്ക് അവകാശപ്പെട്ടതാണ്.

ഗോവയുടെ പ്രകൃതിസൗന്ദര്യത്തോടൊപ്പം മുംബൈയുടെ പ്രാചീനതാ ഗന്ധവും അദ്ദേഹത്തിന്റെ വരകളില്‍ തങ്ങിനിന്നു. എത്രയോ പത്രങ്ങളില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്കൊപ്പം പ്രകൃതിദൃശ്യങ്ങളുടെ കാരിക്കേച്ചറിലൂടെയും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.


കൊങ്കണ്‍റെയില്‍പ്പാതയിലെ പ്രാചീന ദൃശ്യ സമൃദ്ധിയെപ്പറ്റി പുറത്തിറക്കിയ 'കൊങ്കണ്‍നാമഎ ജേര്‍ണി എക്രോസ് ടൈം' എന്ന പുസ്തകത്തിലെ വിവരങ്ങളേക്കാള്‍ നമ്മെ ആകര്‍ഷിക്കുക മരിയോ മിറാന്‍ഡയുടെ കൊങ്കണ്‍കാഴ്ചയുടെ വരകളാണ്. ഓരോ വരകളിലും തന്നിലെ കാര്‍ട്ടൂണിസ്റ്റിനെയും ആ കാഴ്ചയിലേക്ക് മരിയോ സമര്‍ഥമായി ഒളിച്ചുകടത്തി.

മുംബൈ നഗരത്തിലെ ഭിണ്ഡി ബസാര്‍ പലതവണ കണ്ടവരും മിറാന്‍ഡയുടെ കാഴ്ചയിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍ കണ്ട് അതിശയം കൂറിയേക്കാം. ഓരോ നോട്ടത്തിലും വിവിധ കാഴ്ചകളാണ് ആ ചിത്രങ്ങള്‍ കാണിക്ക് നല്‍കുക. ദൃശ്യങ്ങളുടെ ഇത്തരം വാചാലതയും സൂക്ഷ്മതയും ഈ കലാകാരനുമാത്രം അവകാശപ്പെട്ടതാണ്.

വരയിലെ കടുപ്പംമുതല്‍ ദൃശ്യരീതിയില്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍വരെ ഓരോ ചിത്രത്തിനും മറ്റൊരു മാനം നല്‍കുന്നുണ്ട്. മരിയോ മിറാന്‍ഡയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിസ് നിംബുപാനി, ബുന്ദല്‍ദാസ്, നെപ്പോളിയന്‍ എന്നീ കഥാപാത്രങ്ങള്‍, മാഡ്, പഞ്ച്, ലില്ലിപ്പുട്ട് മാസികകളില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണുകള്‍ എന്നിവ കാലത്തിന്റെ ചരിത്രമാണ് രേഖപ്പെടുത്തി വെച്ചിട്ടുള്ളത്.

ഇന്ത്യയുടെ പല കാലങ്ങള്‍ കണ്ട മിറാന്‍ഡ ആരോഗ്യം ദുര്‍ബലമായിട്ടും വരച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ പുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ തടിച്ച ആകൃതിയൊത്ത രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആ വരകളോടുള്ള പ്രിയമാണ് മിറാന്‍ഡയുടെ വീടിനെ ഞായറാഴ്ച ജനസമുദ്രമാക്കിയത്.

വരകളില്‍ തനതുമുദ്ര ചാര്‍ത്തിയ മിറാന്‍ഡ, മരണത്തിലും ആ പ്രത്യേകത കാത്തു. പരമ്പരാഗത ക്രിസ്ത്യന്‍ ശവസംസ്‌കാരരീതിയില്‍നിന്ന് വ്യത്യസ്തമായി തന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഭാര്യ ഹബീബ ഹൈദരിയോട് അക്കാര്യം പറഞ്ഞുറപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതരയുടെ ദിവ്യബലിക്കു ശേഷം പനാജിയിലെയോ മഡ്ഗാവിലെയോ ശ്മശാനത്തില്‍ അദ്ദേഹം എരിഞ്ഞൊടുങ്ങും. ആ പേരും വരയും പ്രവൃത്തികളും ചരിത്രം മാത്രമാകും.

No comments:

Post a Comment