Sunday, December 4, 2011

ജെ.ഡെയും ജിഗ്നവോറയും

മുംബൈ ക്രൈംറിപ്പോര്‍ട്ടിംഗ് രംഗത്തെ ശ്രദ്ധേയമായ നാമമായിരുന്നു ജെ.ഡെ എന്ന ജ്യോതിര്‍മയി ഡെ.പവായില്‍ വെച്ച് ജൂണ്‍ 11 ന് പട്ടാപ്പകല്‍ വധിക്കപ്പെട്ടിട്ടും ആറുമാസം പിന്നിടാന്‍ ഏതാനും നാളുകള്‍ മാത്രം നിലനില്‍ക്കെ ഈ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം നമ്മെപ്പോലെ തന്നെ സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡിനെ വെല്ലുന്ന മുംബൈ പോലീസിനും അജ്ഞാതമായി തുടരുകയാണ്.കൊലപാതകവുമായി ബന്ധപ്പെട്ട് ഛോട്ടാഷക്കീലിനെയാണ് ആദ്യം സംശയിച്ചെങ്കിലും ഇപ്പോള്‍ മുംബൈ പോലീസ് നമ്മോട് സ്വകാര്യമായി പറയുന്നത് ഛോട്ടാരാജന്റെ ആളുകളാണ് ജെ.ഡെയെ കൊന്നതെന്നും അക്കാര്യവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ്.ഇതില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകയായ ജിഗ്നവോറയും പങ്കാളിയാണ്  ഇക്കാര്യത്തില്‍ ഞങ്ങള്‍ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും നിങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ജിഗ്നവോറയെ ഓര്‍ത്ത് ലജ്ജിക്കണമെന്നുമാണ് മുംബൈ പോലീസ് പറയുന്നത്.ഇക്കാര്യം സത്യമാണോ എന്നതാണ് കാര്യം.

ഇപ്പോള്‍ അപസര്‍പ്പകകഥയിലെ നായികയെപ്പോലെയാണ് ജിഗ്നവോറ.നാലോളം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര റോമിംഗ് സമ്പ്രദായം ഉള്‍പ്പെടെയുള്ള ഫോണുകള്‍ കൈവശമുള്ള,ഛോട്ടാരാജനുമായി എപ്പോഴും സംസാരിക്കാന്‍ കഴിയുന്ന പത്രപ്രവര്‍ത്തക എന്നൊക്കെയാണ് പോലീസ് പറയുന്നത്.ഒപ്പം പോലീസ് പറയുന്നു ജെ.ഡെ എഴുതിയ ഛോട്ടാരാജനെതിരെയുള്ള റിപ്പോര്‍ട്ടുകളെ സംബന്ധിച്ച എല്ലാ കാര്യവും ജിഗ്നേവോറ ഛോട്ടാരാജനെ അരിയിച്ചതിനെ തുടര്‍ന്നുണ്ടായ കോപതാപങ്ങളില്‍ നിന്നാണ് ജെ.ഡെയെ ഛോട്ടാരാജന്‍ വധിച്ചതെന്നുമാണ് .ഇക്കാര്യം കേട്ടാല്‍ തോന്നുക മുംബൈയിലെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍  ഛോട്ടാരാജനെ അറിയിക്കുക മാത്രമായിരുന്നു ഏഷ്യന്‍ ഏജ് പത്രത്തിന്റെ ഡപ്യൂട്ടി ബ്യുറോ ചീഫിന് ജോലി എന്നാണ്.എല്ലാ പത്രങ്ങള്‍ക്ക് ഇ-പേപ്പര്‍ സമ്പ്രദായം ഉള്ള കാര്യം ഛോട്ടാരാജന്  അറിയില്ലെന്നുണ്ടോ?. ഛോട്ടാരാജന്റെ ശ്രൃംഖലകള്‍ മുംബൈയില്‍ എല്ലായിടത്തും പടര്‍ന്ന് നില്‍ക്കുമ്പോള്‍ ഇക്കാര്യം വിളിച്ചറിയിക്കാന്‍ ജിഗ്നവോറയെ മാത്രം ഛോട്ടാരാജന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്ന കാര്യമാണ് മനസ്സിലാവാത്തത്.

ഛോട്ടാരാജന്റെ ഭാര്യ സുജാത നികല്‍ജെ ഉള്‍പ്പെടെയുള്ളവര്‍ മുംബൈ നഗരത്തില്‍ താമസിക്കുമ്പോള്‍ ജിഗ്നവോറയെ ഇത്രമാത്രം വിശ്വാസത്തിലെടുക്കാന്‍ എന്താണ് കാര്യമെന്ന് മുംബൈ പോലീസോ അല്ലെങ്കില്‍ ഛോട്ടാരാജനോ വെളിപ്പെടുത്തേണ്ടതുണ്ട്.ജെ.ഡെയെ കൊന്നതിന്റെ ലക്ഷ്യം കണ്ടെത്താന്‍ പെടാപാടുപെടുന്ന മുംബൈ പോലീസ് ഇനി ഇക്കാര്യത്തിന് തുനിഞ്ഞിറങ്ങുമോ എന്ന കാര്യം കാത്തിരുന്നു കാണാം.

2009ല്‍ ചെമ്പൂരില്‍ ഛോട്ടാരാജന്‍ സംഘാംഗങ്ങളെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ മുംബൈ പോലീസിലെ ഉന്നതരായ ആറോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.അത്തരം എത്രയോ ആളുകള്‍ ഛോട്ടാരാജന്റെ ഉള്ളം കൈയ്യില്‍ ഉള്ളപ്പോള്‍ വാര്‍ത്തകള്‍ ഫയല്‍ ചെയ്യുമ്പോള്‍ കൃത്യമായ വസ്തുതകള്‍ ലഭിക്കാതെ കഷ്ടപ്പെടുന്ന ഒരു വനിതാ പത്രപ്രവര്‍ത്തകയെ യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാന്‍ ഛോട്ടാരാജന്‍ ഏല്‍പ്പിക്കുമോ എന്നതാണ് കാര്യം.

ജെ.ഡെയുടെ വധവും ജിഗ്നവോറയുടെ അറസ്റ്റുമായി ബന്ധപ്പെട്ട്  ഒരു കാര്യം പുറത്തുവരുന്നുണ്ട്.പത്രപ്രവര്‍ത്തനം എന്നത്് ഗുമസ്തപ്പണിക്ക്  അപ്പുറമുള്ള കാര്യമാക്കരുതെന്നാണോ മുംബൈ പോലീസ് നമ്മോട് പറയുന്നത്.ഏറ്റുമുട്ടലില്‍ ആരെങ്കിലും വധിക്കപ്പെട്ടാല്‍ അക്കാര്യം വിശദമായി അന്വേഷിക്കാനുള്ള തിടുക്കം അരുത്. അക്കാര്യം പോലീസ് പറയും അത് മാത്രം വിശ്വസിക്കുക.ആദര്‍ശ് കെട്ടിട സമുച്ചയത്തെപ്പറ്റി സര്‍ക്കാര്‍ പറയുന്നത്  മാത്രം ഏഴുതുക.2ജി കുംഭകോണത്തെപ്പറ്റി മിണ്ടാതിരിക്കുക.എത്രമാത്രം നീരാറാഡിയമാര്‍ ഉണ്ടോ അവരുടെ ഓശാരം പറ്റി ജീവിക്കുക.തമസ്സല്ലോ സുഖപ്രദം എന്ന്  ഏക്കാലവും ഉരുവിടുക.അങ്ങിനെ എല്ലാ ചീഞ്ഞു നാറുമ്പോള്‍ പത്രപ്രവര്‍ത്തനം മാത്രം ഉല്‍കൃഷ്ടമാവേണ്ടതുണ്ടോ എന്നാണ് മുംബൈ പോലീസ് ചോദിക്കുന്നത്.രണ്ട്  സൂചനകള്‍ ജെ.ഡെയായും ജിഗ്നവോറയായും നമ്മുടെ മുന്നിലുണ്ട് .ഏതാണ് വേണ്ടതെന്ന്  പത്രപ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെ.




No comments:

Post a Comment