Monday, December 12, 2011

മരിയോ മിറാന്‍ഡ കലര്‍പ്പില്ലാത്ത വരയുടെ സൗന്ദര്യം


ഹാസ്യത്തെ പൂര്‍ണമായും അനാവരണം ചെയ്യാതെ നിഗൂഢമായി തന്റെ വരകളില്‍ കുടിയിരുത്തിയ മഹാനായ കുലപതിയായിരുന്നു മരിയോ മിറാന്‍ഡ. വരകളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയ മിറാന്‍ഡ തന്നെത്തന്നെ അവയില്‍ കുടിയിരുത്തി. മരിയോ മിറാന്‍ഡ എന്ന് രേഖപ്പെടുത്തിയില്ലെങ്കിലും ഈ വര, ഈ കാര്‍ട്ടൂണ്‍, ഈ കാരിക്കേച്ചര്‍ ഇത് മരിയോ മിറാന്‍ഡയുടെതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ വരയും.

വരകളില്‍ എക്കാലവും പുതുമ സൂക്ഷിച്ചു അദ്ദേഹം. പോര്‍ച്ചുഗീസ്, ഗോവന്‍ സാംസ്‌കാരികധാരകളുടെ പാരമ്പര്യം വരകളിലൂടെ ലോകത്തിന് പകര്‍ന്നുനല്‍കി. ഇത് മിറാന്‍ഡയുടെ വരയെന്ന് കൊച്ചുകുട്ടി പോലും വിളിച്ചുപറയുന്നത്ര ലാളിത്യവും ആ വരകള്‍ക്ക് അവകാശപ്പെട്ടതാണ്.

ഗോവയുടെ പ്രകൃതിസൗന്ദര്യത്തോടൊപ്പം മുംബൈയുടെ പ്രാചീനതാ ഗന്ധവും അദ്ദേഹത്തിന്റെ വരകളില്‍ തങ്ങിനിന്നു. എത്രയോ പത്രങ്ങളില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്കൊപ്പം പ്രകൃതിദൃശ്യങ്ങളുടെ കാരിക്കേച്ചറിലൂടെയും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.

Sunday, December 4, 2011

ജെ.ഡെയും ജിഗ്നവോറയും

മുംബൈ ക്രൈംറിപ്പോര്‍ട്ടിംഗ് രംഗത്തെ ശ്രദ്ധേയമായ നാമമായിരുന്നു ജെ.ഡെ എന്ന ജ്യോതിര്‍മയി ഡെ.പവായില്‍ വെച്ച് ജൂണ്‍ 11 ന് പട്ടാപ്പകല്‍ വധിക്കപ്പെട്ടിട്ടും ആറുമാസം പിന്നിടാന്‍ ഏതാനും നാളുകള്‍ മാത്രം നിലനില്‍ക്കെ ഈ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം നമ്മെപ്പോലെ തന്നെ സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡിനെ വെല്ലുന്ന മുംബൈ പോലീസിനും അജ്ഞാതമായി തുടരുകയാണ്.കൊലപാതകവുമായി ബന്ധപ്പെട്ട് ഛോട്ടാഷക്കീലിനെയാണ് ആദ്യം സംശയിച്ചെങ്കിലും ഇപ്പോള്‍ മുംബൈ പോലീസ് നമ്മോട് സ്വകാര്യമായി പറയുന്നത് ഛോട്ടാരാജന്റെ ആളുകളാണ് ജെ.ഡെയെ കൊന്നതെന്നും അക്കാര്യവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ ഞങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ്.ഇതില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകയായ ജിഗ്നവോറയും പങ്കാളിയാണ്  ഇക്കാര്യത്തില്‍ ഞങ്ങള്‍ വലിയ മുന്നേറ്റമാണ് നടത്തിയതെന്നും നിങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ജിഗ്നവോറയെ ഓര്‍ത്ത് ലജ്ജിക്കണമെന്നുമാണ് മുംബൈ പോലീസ് പറയുന്നത്.ഇക്കാര്യം സത്യമാണോ എന്നതാണ് കാര്യം.

ഇപ്പോള്‍ അപസര്‍പ്പകകഥയിലെ നായികയെപ്പോലെയാണ് ജിഗ്നവോറ.നാലോളം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര റോമിംഗ് സമ്പ്രദായം ഉള്‍പ്പെടെയുള്ള ഫോണുകള്‍ കൈവശമുള്ള,ഛോട്ടാരാജനുമായി എപ്പോഴും സംസാരിക്കാന്‍ കഴിയുന്ന പത്രപ്രവര്‍ത്തക എന്നൊക്കെയാണ് പോലീസ് പറയുന്നത്.ഒപ്പം പോലീസ് പറയുന്നു ജെ.ഡെ എഴുതിയ ഛോട്ടാരാജനെതിരെയുള്ള റിപ്പോര്‍ട്ടുകളെ സംബന്ധിച്ച എല്ലാ കാര്യവും ജിഗ്നേവോറ ഛോട്ടാരാജനെ അരിയിച്ചതിനെ തുടര്‍ന്നുണ്ടായ കോപതാപങ്ങളില്‍ നിന്നാണ് ജെ.ഡെയെ ഛോട്ടാരാജന്‍ വധിച്ചതെന്നുമാണ് .ഇക്കാര്യം കേട്ടാല്‍ തോന്നുക മുംബൈയിലെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍  ഛോട്ടാരാജനെ അറിയിക്കുക മാത്രമായിരുന്നു ഏഷ്യന്‍ ഏജ് പത്രത്തിന്റെ ഡപ്യൂട്ടി ബ്യുറോ ചീഫിന് ജോലി എന്നാണ്.എല്ലാ പത്രങ്ങള്‍ക്ക് ഇ-പേപ്പര്‍ സമ്പ്രദായം ഉള്ള കാര്യം ഛോട്ടാരാജന്  അറിയില്ലെന്നുണ്ടോ?. ഛോട്ടാരാജന്റെ ശ്രൃംഖലകള്‍ മുംബൈയില്‍ എല്ലായിടത്തും പടര്‍ന്ന് നില്‍ക്കുമ്പോള്‍ ഇക്കാര്യം വിളിച്ചറിയിക്കാന്‍ ജിഗ്നവോറയെ മാത്രം ഛോട്ടാരാജന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്ന കാര്യമാണ് മനസ്സിലാവാത്തത്.

ഛോട്ടാരാജന്റെ ഭാര്യ സുജാത നികല്‍ജെ ഉള്‍പ്പെടെയുള്ളവര്‍ മുംബൈ നഗരത്തില്‍ താമസിക്കുമ്പോള്‍ ജിഗ്നവോറയെ ഇത്രമാത്രം വിശ്വാസത്തിലെടുക്കാന്‍ എന്താണ് കാര്യമെന്ന് മുംബൈ പോലീസോ അല്ലെങ്കില്‍ ഛോട്ടാരാജനോ വെളിപ്പെടുത്തേണ്ടതുണ്ട്.ജെ.ഡെയെ കൊന്നതിന്റെ ലക്ഷ്യം കണ്ടെത്താന്‍ പെടാപാടുപെടുന്ന മുംബൈ പോലീസ് ഇനി ഇക്കാര്യത്തിന് തുനിഞ്ഞിറങ്ങുമോ എന്ന കാര്യം കാത്തിരുന്നു കാണാം.

Thursday, December 1, 2011

അജ്മല്‍കസബും കിഷന്‍ജിയും

മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിക്കുപോലുമില്ലാത്ത കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്നു.സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് മുന്നുവര്‍ഷം കൊണ്ട് രാജ്യം നല്‍കിയ ജനകീയ സമ്പത്ത് അമ്പത് കോടിയിലധികമാണ്.അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഭീകരരാണ് മുംബൈ ആക്രമണത്തിന് പിന്നിലെന്ന് ബോദ്ധ്യമായെങ്കിലും കസബിനെ ഇത്രയും കാലം സംരക്ഷിക്കേണ്ട കാര്യമെന്തായിരുന്നുവെന്ന കാര്യമാണ് ബോദ്ധ്യമാകാത്തത്.

ഛത്രപതി ശിവാജി ടെര്‍മിനസില്‍ വെച്ച് അമ്പതിലധികം മനുഷ്യജീവിതങ്ങള്‍ക്ക് നേര്‍ക്ക് നിരയൊഴിക്കുമ്പോള്‍ ഒരു ജനതയോട് ഇത്രയധികം ക്രൂരത കാണിക്കുന്നത് ലോകം തന്നെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനിലൂടെ കണ്ടതാണ്.ഇക്കാര്യം കോടതിയും ദര്‍ശിച്ചതാണ്.എന്നാല്‍ ഇക്കാര്യത്തിന് പുറമെ അജ്മല്‍ അമീര്‍ കസബിനെതിരെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ടിക്കറ്റെടുക്കാതെ ഛത്രപതി ശിവാജി ടെര്‍മിനസില്‍ കയറി ഉള്‍പ്പെടെയുള്ള കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.അതൊക്കെ എന്തിനായിരുന്നു വെന്ന് ചോദിക്കരുത്.രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരാള്‍ക്ക് കോടതി നല്‍കേണ്ട പരമാവധി ശിക്ഷയായ വധശിക്ഷ മുംബൈ ഹൈക്കോടതി നല്‍കുകയും ചെയ്തു.കേസിപ്പോള്‍ സുപ്രീംകോടതിയിലാണ്.അതിന്മേല്‍ വിധി വരാന്‍ ഇനിയും നിരവധി നാളുകള്‍ എടുക്കും.അതിനുശേഷം രാഷ്ട്രപതിയുടെ ദയാഹരജിക്ക് കസബിന് സമീപിക്കുകയും ചെയ്യാം.അക്കാലയളവിലും ജനസമ്പത്ത് കസബിന് വേണ്ടി രാജ്യത്തിന് ഒഴുക്കേണ്ടി വരും.

Tuesday, October 11, 2011

അന്നാഹസാരെ നിലപാട് മാറ്റുമ്പോള്‍

അഴിമതിക്കെതിരെ കുരിശിയുദ്ധം നടത്തിയ അന്നാഹസാരെ തന്റെ നിലപാടുകളില്‍ നിന്ന് മലക്കം മറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ്സ് തുനിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെതിരെ തിരഞ്ഞെടുപ്പില്‍ വ്യാപകമായ പ്രചരണത്തിന് താന്‍ നേതൃത്വം നല്‍കുമെന്നാണ് അന്നാഹസാരെ വ്യക്തമാക്കിയത്.അന്നാഹസാരെയ്ക്ക് മനസ്സില്‍ വ്യക്തമായ രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും സര്‍വ്വതന്ത്രസ്വതന്ത്രന്‍ എന്ന ലേബലില്‍ നിന്ന് അന്നാഹസാരെ തന്നെ കുടഞ്ഞുതെറിപ്പിക്കുന്നതാണ് ഈ കാഴ്ചയിലിലുടെ കണ്ടത്.

അഴിമതി ശക്തമായി നമ്മുടെ സമുഹത്തില്‍ നിലനില്‍ക്കുന്നുണ്ട് അതിനെതിരെ ശക്തമായ ജനവികാരവും നിലനില്‍ക്കുന്നുണ്ട്.ആ പ്രവാഹത്തില്‍ ഉയര്‍ന്നുവന്ന മിശിഹായായാണ് അന്നാഹസാരെയെ ഇന്ത്യ കണ്ടിരുന്നത്.എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തട്ടിമാറ്റി കോണ്‍ഗ്രസ്സിനെതിരെ വ്യാപകമായ പ്രചരണത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കുമ്പോള്‍ അത് ഗുണകരമാവുക ബി.ജെ.പി എന്ന പ്രസ്ഥാനത്തിനാണെന്ന് എല്ലാവര്‍ക്കും വ്യക്തമായറിയാം.അഴിമതിയുടെ കൂത്തരങ്ങായ കോണ്‍ഗ്രസ്സിനെതിരെ സംസാരിക്കരുതെന്നല്ല വിവക്ഷ.എന്നാല്‍ എല്ലാവരും മനസ്സ് കൊണ്ട് അന്നാഹസാരെ എന്ന വ്യക്തിത്വത്തിനും ആ പ്രസ്ഥാനത്തിനും അകമഴിഞ്ഞ് പിന്തുണ നല്‍കിയ അനേകായിരങ്ങളെ വെല്ലുവിളിക്കുന്നത് പോലെയാണ് അന്നാഹസാരെ ഇപ്പോള്‍ സംസാരിക്കുന്നത്.

Tuesday, September 27, 2011

ഈ ദുരന്തത്തിന് ആര് ഉത്തരം പറയും


മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷമായി ഒന്‍പത് യുവാക്കളാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ വിചാരണ തടവില്‍ കഴിയുന്നത്.അവരുടെ ജാമ്യപേക്ഷ ഒക്ടോബര്‍ ഒന്നിന് പരിഗണിക്കാനിരിക്കുകയാണ്.മാലേഗാവ് സ്‌ഫോടനം നടന്ന അഞ്ചു വര്‍ഷം മുമ്പ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് അന്നത്തെ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
സ്‌ഫോടനത്തിലെ പങ്കാളികള്‍ എന്ന നിലയിലാണ് അക്കാലയളവില്‍ ഇവര്‍ അറസ്റ്റിലാവുന്നത്.ഒന്‍പത് ചെറുപ്പക്കാര്‍ക്കുണ്ടായിരുന്ന ജീവിതത്തെയും സ്വപ്‌നത്തെയുമാണ് അന്നത്തെ പോലീസ് സന്നാഹം ചവിട്ടി അരച്ചത്്.അവര്‍ ഇപ്പോള്‍ അഞ്ചു വര്‍ഷമാണ് വിവിധ ജയിലുകളിലും ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലുലുമായി കഴിയുന്നത്.അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ അനുഭവിച്ച പീഢനത്തിന് ആരാണ് ഇന്ന് മറുപടി പറയുക? പോലീസിന്റെ മാരകമായ പീഢനങ്ങള്‍,ചോദ്യവും ഭേദ്യവും നിറഞ്ഞ രാവുകള്‍,അപസര്‍പ്പക സമാനമായ പത്രവാര്‍ത്തകള്‍,കുടുംബത്തിന്റെ ഒറ്റപ്പെടല്‍,സമൂഹത്തിന്റെ ഭര്‍സ്തനം,അങ്ങിനെ പറഞ്ഞാല്‍ അനുഭവത്തിന് വഴങ്ങാത്ത എത്രയോ പീഢനങ്ങള്‍ അശനിപാതം പോലെ കടന്നുപോയി  ജീവിതങ്ങളാണ് പുതിയ ജാമ്യാപേക്ഷയില്‍ കുടുങ്ങി കിടക്കുന്നത്.

Sunday, September 11, 2011

ഗൂഗില്‍ എര്‍ത്ത്

ഗൂഗില്‍ എര്‍ത്തിലൂടെ മകള്‍ പാഞ്ഞുപോകവെ
അവള്‍ ചോദിക്കുന്നു,അച്ഛാ ഇതേതാണ് അപായസൂചനകൊണ്ട് രേഖപ്പെടുത്തിയ 

 കോഴിക്കോട്ടെ സ്ഥലം-കക്കയം
കക്കയത്തിലേക്ക് മൗസ് സൂം ചെയ്യുമ്പോള്‍
പുലിക്കോടനും മധുസൂദനനും ലക്ഷ്മണയുടെയും ജയറം പടിക്കലിന്റെയും അലര്‍ച്ചകള്‍
മീഡിയാപ്ലയറില്‍ നിന്ന് കേള്‍ക്കുന്നു.
നീണ്ട ഞരക്കങ്ങളും പൊട്ടിക്കരച്ചിലും ഉയരുന്നു
മൗസില്‍ ഡബില്‍ ക്ലിക്ക്

തൊട്ടടുത്ത തടാകക്കരയില്‍
മണ്ണില്‍ പുതഞ്ഞ അസ്ഥിയില്‍ നിന്ന് കൂനനുറുമ്പുകള്‍ വരിവരിയായ് പോകുന്നു
ഈ പോക്ക് ആനയെ കൊല്ലാനാവുമോ?(1)
ആര്‍ക്കറിയാം ദൈവമേ,മകള്‍ ചിരിക്കുന്നു.
മൗസ് പിന്നെയും പരക്കം പായുന്നു
അച്ഛാ ബസ്ത
റിലേക്ക് നോക്കൂ
അരുന്ധതി റോയ് ചിരിച്ചുല്ലസിച്ച് നക്സലുകള്‍ക്കൊപ്പം നടക്കുന്നു.
കാട് അരുന്ധതിയെ ഇരുട്ടില്‍ കൊല്ലുന്നു.

മൗസ് കാലത്തിന് പിന്നിലേക്ക് പായുന്നു
യു.പി.ജയരാജിന്റെ വീടിന്റെ പടികള്‍ പേടിയോടെ കവച്ച് വെച്ച് 

കെ.വേണു ധൃതിയില്‍ എങ്ങോട്ടാണ്  പോകുന്നത്
എന്തിനായിരിക്കാം ഇത്ര പേടി?
വാതില്‍ തുറന്ന് അഴീക്കോടന്റെ ചിരിയോടെ മുന്നില്‍ ജയരാജ്.
എന്താണ് അവര്‍ പറയുന്നത്
മീഡിയാപ്ലയറില്‍ നിന്ന് സ്വകാര്യത്തിന്റെ പിറുപിറുപ്പ് മാത്രം..

അച്ഛാ ബംഗാളിലെ വയലുകളില്‍ ആയുധധാരികള്‍ക്കൊപ്പം ഇരിക്കുന്നത് കിഷന്‍ജി എന്നയാളല്ലേ
വേണ്ട അവിടെ നിന്ന് മൗസ് മാറ്റൂ, 

ആ ദ്യശ്യം ഹൃദയത്തോടെ കാണുന്നത് രാജ്യദ്രോഹമാകും
ബംഗാളില്‍ നിന്ന് ഒരു വാര്‍ത്തയുമില്ലെന്ന് മുമ്പ് ആരോ പറഞ്ഞില്ലെ,അതാരാണ് അച്ഛാ(2)
അത് പഴയ കവിതയല്ലേ മോളേ.
ഇന്ന് ബംഗാളും ചത്തീസ്ഗഡുമാണ് വാര്‍ത്തയില്‍ വായനക്കാരെ നിരന്തരം പീഡിപ്പിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്.

അല്ല കെ.എന്‍.രാമചന്ദ്രന്‍ മുറിയില്‍ 

ഇരുന്ന് എന്താണ് ചെയ്യുന്നത്
വിപ്ലവസാഹിത്യം രചിക്കുകയാണോ,അല്ല അച്ഛാ 

ഫേസ് ബുക്കിലെ വാളില്‍ എന്തോ കാര്യം പോസ്റ്റ് 
ചെയ്യുവാനാതെ നിന്ന് വിയര്‍ക്കുന്നു.
വിപ്ലവത്തെ ഫേസ് ബുക്കിലേക്ക് ഒളിച്ച് കടത്തുന്നു..

അച്ഛാ കേരളത്തിലേക്ക് പോകണോ? വേണ്ട, 

കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യൂ
വാതിലില്‍ ആരാണ് മുട്ടുന്നത്
മുന്നില്‍ ചിരിയോടെ സഖാവ് കൃഷ്ണപ്പിള്ള.
ചിരി ലോകം ഭേദിച്ച് നിലാവ് പോലെ പരന്നൊഴുകുന്നു.




(1)സച്ചിദാനന്ദന്റെ കവിത    
കൂനനുറുമ്പണി ചേര്‍ന്നൊരാനയെ കൊന്നെന്ന്..............

(2) ബംഗാള്‍.കെ.ജി.ശങ്കരപ്പിള്ള



Monday, August 29, 2011

അണ്ണാഹസാരെ സമരം അവസാനിപ്പിക്കുമ്പോള്‍

എഴുപത്തിനാല്കാരനായ അണ്ണാഹസാരെ പതിമൂന്ന് ദിവസം നീണ്ട നിരാഹാരത്തിന് രാംലീലാമൈതാനിയില്‍ വിരാമമിടുമ്പോള്‍ മുംബൈ ആസാദ് മൈതാനിയിലെ ആരവങ്ങളും താനെ കെട്ടടങ്ങുകയായിരുന്നു.ഇവിടെ നിരാഹാരത്തില്‍ ഉണ്ടായിരുന്ന പതിനേഴ് പേരും അവരുടെ ജീവിതാരവത്തിലേക്ക് കടന്നു കഴിഞ്ഞു.അഴിമതിക്കെതിരെ സമരം രാജ്യവ്യാപകമായി അലയടിച്ചപ്പോള്‍ മുംബൈ നഗരവും അതിന്റെ ചൂട് എല്ലാ അര്‍ത്ഥത്തിലും ഏറ്റുവാങ്ങുകയായിരുന്നു.ജനപക്ഷ രാഷട്രീയത്തിന്റെ മാറുന്ന മുഖമാണ് അണ്ണാഹസാരെ സമരം തുറന്നുവിട്ടത്.സമരത്തിലെ രോഷവും വേദനയും തെരുവുകളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു.മാധ്യമങ്ങളാണ് സമരത്തിന്റെ അജണ്ട നിശ്ചയിച്ചതെന്ന് പറയാം.മണിക്കൂറുകള്‍ ഇടവിടാതെ ദിവസവും സമരത്തെ മുന്‍നിരയില്‍ എത്തിക്കുന്നതില്‍ ദൃശ്യമാധ്യമങ്ങളും ശ്രദ്ധേയമായ സംഭാവന തന്നെ സമരക്കാര്‍ക്ക് നല്‍

Saturday, August 27, 2011

അണ്ണാഹസാരെയും സമരവും


അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തുന്ന സമരം ശക്തമായി രാജ്യം മുഴുവന്‍ അലയടിക്കുകയാണ്.എല്ലാ മേഖലയിലും അതിന്റെ അനുരണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.രാഷ്ട്രീയക്കാര്‍ക്കെതിരെയും ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെയുമാണ് സമരം ആഞ്ഞടിക്കുന്നതെങ്കിലും ലോക്പാല്‍ ബില്‍ പരിധിയിലേക്ക് പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിയാല്‍ തീരുന്ന രീതിയില്‍ സമരം മാഞ്ഞുപോകുമോ എന്നതാണ് ഇന്ന് ഉയര്‍ന്നു വരുന്ന ചോദ്യം.
രാജ്യത്ത് നടക്കുന്ന ഭീമമായ അഴിമതി നടത്തിയതില്‍ രാഷ്ട്രീയക്കാര്‍ക്ക് ശക്തമായ പങ്കുണ്ടെങ്കിലും അത് നടത്തിയത് കോര്‍പ്പറേറ്റ് ഭീമന്മാരുടെ പങ്കാളിത്തത്തോടെയാണ്.അവര്‍ക്ക് വേണ്ടി തന്നെയാണ് ഇവര്‍ ചരടുവലിച്ചത്.നീരാറാഡിയ ടേപ്പുകള്‍ അത് വെളിപ്പെടുത്തുന്നുമുണ്ട്.എന്നാല്‍ ഇന്ന് കോര്‍പ്പറേറ്റ് ഭീമന്മാര്‍ നല്ല പിള്ള ചമയുകയാണ്.അവര്‍ ഇന്ന് അന്നാഹസാരെ നടത്തുന്ന സമരത്തിന് എല്ലാ 'അര്‍ത്ഥ'ത്തിലും പിന്തുണയ്ക്കുന്നു.ഓരോ സമരത്തെയും എങ്ങിനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്ന് കോര്‍പ്പറേറ്റ് ഭീമന്മാരെ ആരെയും പഠിപ്പിക്കേണ്ട.മുംബൈ മാരത്തോണ്‍ സ്‌ഫോണ്‍സര്‍ ചെയ്യുന്ന അതേ ലാഘവത്വം അവര്‍ക്ക് എല്ലാ കാര്യത്തിലുമുണ്ട്.പഴുത് കിട്ടിയാല്‍ അവര്‍ അരുന്ധതി റോയിയുടെ നക്‌സല്‍ അനുകൂല പ്രസംഗത്തെയും സ്‌പോണ്‍സര്‍ ചെയ്‌തെന്നിരിക്കും.അതില്‍ അവര്‍ക്ക് നീരാറാഡിയയോടും അരുന്ധതിയോടും അണ്ണാഹസാരെയോടും ഒരോ നിലപാടാണ്.ഇക്കാലത്ത് കോര്‍പ്പറേറ്റ് മാഫിയയെ മാറ്റി നിര്‍ത്തി അത്തരമൊരു കാര്യം ആര്‍ക്കും ആലോചിക്കാന്‍ പോലുമാവില്ല.

Monday, August 15, 2011

ഒരു കാലഘട്ടം പെയ്‌തൊഴിയുമ്പോള്‍


ഓരോ മരണവും ഓരോ കാലഘട്ടത്തെയാണ് ഇല്ലാതാക്കുന്നത്.പ്രത്യേകിച്ച് ഷമ്മികപൂറിനെപ്പോലുള്ളവരുടെ മരണം.കറുപ്പിലും വെളുപ്പിലുമുള്ള സിനിമയില്‍ നിന്ന് കളറിലേക്കും രാജ്യങ്ങള്‍ കടന്ന് ബോളിവുഡ്ഡ് വളര്‍ന്നപ്പോള്‍ അതിന് മൂകമായ സാക്ഷ്യം പോലെ മലബാര്‍ഹില്ലിലെ ബ്ലൂഹെവനില്‍ ഷമ്മികപൂറുണ്ടായിരുന്നു.അച്ഛന്‍ പൃഥ്വിരാജ് കപൂറില്‍ നിന്ന് വളര്‍ന്ന പാരമ്പര്യത്തിന് കണ്ണികള്‍ അനസ്യൂതമാണ്.അത് ഇന്ന് ലോകത്തില്‍ എല്ലായിടത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. 
നാടകരംഗത്തെ ശക്തമായ സാനിദ്ധ്യമായ സജ്ഞനാ കപൂര്‍,ബോളിവുഡ്ഡ് സിനിമാരംഗത്തെ ശക്തരായ കരീന കപൂര്‍,രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ ഈ കണ്ണികളിലെ ഇന്ന് ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്.അവര്‍ തങ്ങളുടെ ലോകത്തിന് പുതിയ നിറച്ചാര്‍ത്ത്  നല്‍കുന്നു.

Thursday, August 11, 2011

അധികാരത്തിന്റെ ഇടനാഴിയിലെ ശക്തമായ സാന്നിദ്ധ്യം

പി.സി അലക്സാണ്ടര്‍
ന്നും അധികാരത്തിന്റെ ഇടനാഴിയിലെ ശക്തമായ സാനിദ്ധ്യമായിരുന്നു.പി.സി.അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയുട പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്ന് ആരംഭിക്കുന്ന അധികാര രാഷട്രീയത്തിന്‍റെ രഥ്യയില്‍ നിരവധി അടിയൊഴുക്കുകള്‍ നടന്നപ്പോഴും നെഹ്‌റു കുടുംബവുമായി ഒട്ടി നിന്ന ചരിത്രം മാത്രമുള്ള പി.സി.അലക്‌സാണ്ടര്‍ക്ക് തന്റെ ജീവിതത്തില്‍ തന്നെ മറ്റോരു വഴി തുറക്കേണ്ടി വരുന്നത് മഹാരാഷട്ര ഗവര്‍ണ്ണറായതോടെയാണ്.
മുംബൈ കലാപം കത്തിനിന്ന നാളുകളിലാണ് മഹാരാഷട്ര ഗവര്‍ണ്ണര്‍ പദവിയില്‍ അവരോധിക്കപ്പെടുന്നത്. അന്ന് കലാപം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി തന്‍റേതായ രീതിയില്‍ സ്വാന്തനം നല്‍കുകയും ചെയ്തു. മഹാരാഷട്ര സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പുനരധിവാസ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം തന്നെയാണ് പി.സി.അലക്‌സാണ്ടര്‍ ഈ കാലയളവില്‍ നടത്തിയത്. ഈ പ്രവര്‍ത്തനത്തിലൂടെയാണ് മഹാരാഷട്രീയരായ എല്ലാ രാഷട്രീയ പാര്‍ട്ടിക്കാരുടെയും ഉറ്റ തോഴനായി പി.സി.അലക്‌സാണ്ടര്‍ മാറുന്നത്. മുംബൈ കലാപത്തിന്‍റെയും സ്‌ഫോടനത്തിന്‍റെയും മുറിവുകള്‍ പലരുടെയും മനസ്സില്‍ കണ്ടെക്കാമെങ്കിലും മുംബൈ നഗരം ഇനി അത്തരമൊരവസ്ഥയിലേക്ക് ഒരിക്കലും സഞ്ചരിക്കില്ലെന്ന് പി.സി.അലക്‌സാണ്ടര്‍ തന്‍റെ അഭിപ്രായം വ്യക്തമായിരുന്നു.

Wednesday, August 10, 2011

ശ്രീ ശ്രീ രവിശങ്കറും ബാബുറാം ഭട്ടറായിയും

 
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറെ മുംബൈ പ്രസ്‌ക്ലബ്ബില്‍ വെച്ച് കണ്ടതിന്റെ പിറ്റെദിവസമാണ് നേപ്പാളിലെ മാവോയിസ്റ്റ് വിപ്ലവകാരിയും മുന്‍ധനകാര്യമന്ത്രിയുമായ ബാബുറാം ഭട്ടറായിയെ കണ്ടത്.
കനത്ത സുരക്ഷയിലാണ് ശ്രീ ശ്രീ രവിശങ്കറെത്തിയതെങ്കില്‍ മാവോയിസ്റ്റ് വിപ്ലവകാരിയായ ബാബുറാം ഭട്ടറായി യാതൊരു പരിവാരവുമില്ലാതെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് മുംബൈ പ്രസ്‌ക്ലബ്ബില്‍ എത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ വൈരുദ്ധ്യങ്ങളെക്കാള്‍ സാമ്യതകള്‍ ഏറെയാണ്. ശ്രീ ശ്രീ രവിശങ്കര്‍ ജീവനകലയുടെ ആചാര്യസ്ഥാനത്തെത്തുന്നതിനുമുമ്പ് താണ്ടിയ അന്വേഷണത്തിന്റെ നിരവധി പടവുകള്‍ ഉണ്ട്.
നമ്മുടെ സമൂഹത്തിലെ അനേകായിരങ്ങളെ സാമൂഹ്യആരോഗ്യത്തിന്റെ ഒപ്പം ആത്മീയതയുടെ വഴികളിലേക്ക് സഞ്ചരിക്കുന്നതിന് പ്രേരിപ്പിക്കാന്‍  ശ്രീ രവിശങ്കര്‍ക് സാദ്ധ്യമായിട്ടുണ്ട്. വ്യക്തികളിലൂടെ സാമൂഹ്യപരിവര്‍ത്തനമാണ് ജീവനകലയുടെ ആചാര്യന്‍ ലക്ഷ്യം വെയ്ക്കുന്നത്.