Monday, August 15, 2011

ഒരു കാലഘട്ടം പെയ്‌തൊഴിയുമ്പോള്‍


ഓരോ മരണവും ഓരോ കാലഘട്ടത്തെയാണ് ഇല്ലാതാക്കുന്നത്.പ്രത്യേകിച്ച് ഷമ്മികപൂറിനെപ്പോലുള്ളവരുടെ മരണം.കറുപ്പിലും വെളുപ്പിലുമുള്ള സിനിമയില്‍ നിന്ന് കളറിലേക്കും രാജ്യങ്ങള്‍ കടന്ന് ബോളിവുഡ്ഡ് വളര്‍ന്നപ്പോള്‍ അതിന് മൂകമായ സാക്ഷ്യം പോലെ മലബാര്‍ഹില്ലിലെ ബ്ലൂഹെവനില്‍ ഷമ്മികപൂറുണ്ടായിരുന്നു.അച്ഛന്‍ പൃഥ്വിരാജ് കപൂറില്‍ നിന്ന് വളര്‍ന്ന പാരമ്പര്യത്തിന് കണ്ണികള്‍ അനസ്യൂതമാണ്.അത് ഇന്ന് ലോകത്തില്‍ എല്ലായിടത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. 
നാടകരംഗത്തെ ശക്തമായ സാനിദ്ധ്യമായ സജ്ഞനാ കപൂര്‍,ബോളിവുഡ്ഡ് സിനിമാരംഗത്തെ ശക്തരായ കരീന കപൂര്‍,രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ ഈ കണ്ണികളിലെ ഇന്ന് ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്.അവര്‍ തങ്ങളുടെ ലോകത്തിന് പുതിയ നിറച്ചാര്‍ത്ത്  നല്‍കുന്നു.

ഷമ്മികപൂര്‍ കത്തിനിന്ന കാലയളവ് ബോളിവുഡ്ഡിന്റെ രൂപാന്തരത്തിന്റെ കാലഘട്ടമാണ്.സ്റ്റുഡിയോവില്‍ നിന്ന് പുറത്തേക്ക്  ചിത്രീകരണം മാറിയതിനൊപ്പം കറുപ്പിലും വെളുപ്പിലും നിന്ന സിനിമ, നിറഭംഗിയുടെ ലോകത്ത് കുതിച്ചുയര്‍ന്നതും,ഷമ്മി കപൂര്‍ തൊട്ടറിഞ്ഞ ജീവിതത്തില്‍ സംഭാവ്യമായ കാര്യമാണ്.അന്ന് സിനിമ അത്ഭുതമാണ് പ്രേക്ഷകരില്‍ സൃഷ്ടിച്ചത്.പ്രണയിനി ഭൂമിയില്‍ നടന്നുപോകെ ആകാശത്ത് ഹെലിക്കോപ്റ്ററില്‍ ഞാന്നുകിടന്ന് പാട്ടുപാടുന്ന നായകന്‍ ഷമ്മികപൂറിന്റെ ചിത്രത്തിലെ ഒരു പ്രധാന കാഴ്ചയായിരുന്നു.പ്രേക്ഷകര്‍ അന്ന് അക്കാര്യം വിസ്മയത്തോടെയാണ് കണ്ടത്.സംവേദനത്തിന്റെ പുതിയ തലങ്ങള്‍ മാറി മറഞ്ഞപ്പോള്‍ എല്ലാം വിസ്മയങ്ങളും പെട്ടെന്ന് കെട്ടടങ്ങുകയായിരുന്നു.ആ കാഴ്ചയും ഷമ്മി കപൂറിന് കാണാനായി.
സംഗീതം ഹൃദയത്തിലേക്ക് പടര്‍ന്നിറങ്ങിയ പാട്ടുകള്‍ മുഹമ്മദ് റഫി പാടി,കാഴ്ചയില്‍ ഷമ്മികപൂര്‍ അത് പൂര്‍ത്തിയാക്കുകയായിരുന്നു. റഫി മരണപ്പെട്ട സമയത്ത് മുംബൈയിലെ ടാക്സിഡ്രൈവര്‍ ഷമ്മികപൂറിനോട് പറയുന്നത് അങ്ങയുടെ ശബ്ദം നിലച്ചുവെന്നാണ് ഇക്കാര്യം ഒരഭിമുഖത്തില്‍ ഷമ്മികപൂര്‍ പറയുന്നുണ്ട്.ലോകം റഫിയുടെ ശബ്ദം കേട്ടത്് കാതുകള്‍ കൊണ്ടാണെങ്കിലും അത്്് അനുഭവിപ്പിച്ചു തന്നത്് ഷമ്മികപൂര്‍ വെള്ളിത്തിരയില്‍ എത്തിച്ച കഥാപാത്രങ്ങളിലൂടെയായിരുന്നു.ആ വൈകാരികതയുമാണ് പൊയ്തോഴിഞ്ഞു തീര്‍ന്നത്
ഷമ്മികപൂറിന്റെ സിനിമകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാലം എത്ര വേഗത്തിലാണ്  കുതിക്കുന്നത് എന്ന കാഴ്ച അനുഭവിക്കാനാവും.എഴുപത്തി ഒന്‍പതാം വയസ്സില്‍ ഷമ്മികപൂര്‍ അരങ്ങില്‍ നിന്ന്്് വേഷം അഴിച്ചുവെച്ച് നടന്നപ്പോള്‍ ബോളിവുഡ്ഡ് സിനിമയുടെ ത്രസിപ്പിക്കുന്ന ഒരദ്ധ്യായമാണ് മറിഞ്ഞുവീണത്.ഷമ്മികപൂറിന്റെ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ടെങ്കിലും ജീവിതാനുഭവങ്ങളുടെ വലിയ ആല്‍വൃക്ഷമാണ് നമ്മുടെ മുന്നില്‍ വീണുകിടന്നത്.അതിനെ ഉയര്‍ത്തിവെച്ച് നമുക്ക് പുഷ്പങ്ങള്‍ വിരിയിക്കാനാവില്ല.ജീവിച്ചിരുന്ന കാലത്ത് തന്ന സംഭാവനകളിലൂടെ ഇനി കാലം മറ്റൊരു യാത്ര തുടങ്ങുകയാണ്.......














No comments:

Post a Comment