Sunday, May 26, 2013

ശ്രീശാന്തില്‍ നിന്ന് പഠിക്കേണ്ടത്


വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തില്‍ നിന്ന് എന്താണ് പഠിക്കേണ്ടത്.ശ്രീശാന്തിന്റെ ജീവിതത്തില്‍ നിന്ന്, ഇങ്ങനെ ജീവിക്കരുതെന്നുതന്നെയാണ് പഠിക്കേണ്ടത്. എന്നാല്‍ ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട, വളര്‍ന്നുവരുന്ന ഒരു കളിക്കാരന്റെ വ്യക്തി ജീവിതത്തെ മുന്‍നിര്‍ത്തി വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമായവയല്ല. എല്ലാവരുടെയും ജീവിതത്തിലേക്കും ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന മാനസികാവസ്ഥയാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തെത്തുന്നത്.ക്രിക്കറ്റ് എന്ന സമ്പത്തിന്റെ കളിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സാമ്പത്തിക സംവിധാനത്തില്‍, ആര്‍ത്തിയുടെ രൂപത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഓമനപ്പേരിട്ട് ലളിത് മോഡി ആവിഷ്‌കരിച്ച ഈ കളി കടന്നുവന്നത്. കോര്‍പ്പറേറ്റ് ആധിപത്യത്തിലേക്ക് ഐ.പി.എല്‍. എന്ന പേരിട്ട് ക്രിക്കറ്റിനെ വളച്ചൊടിക്കുകയായിരുന്നു. അംബാനിക്കുവേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കുമ്പോള്‍ എന്ത് ധാര്‍മികതയാണ് ഈ കളി മുന്നോട്ടുവെക്കുന്നത്. കോടികള്‍ നല്കിയാണ് സച്ചിനെ മുകേഷ് അംബാനി വിലയ്‌ക്കെടുക്കുന്നത്. അതുമായി ബന്ധപ്പെട്ട ജയപരാജയങ്ങള്‍ കോര്‍പ്പറേറ്റുകള്‍തന്നെ നിശ്ചയിക്കുമ്പോള്‍, ഇതിനിടയില്‍ നിന്ന് ചോര്‍ന്നുപോകുന്നത് കായികം എന്ന നിലയില്‍ ഉയര്‍ന്നു നിലേ്ക്കണ്ട ക്രിക്കറ്റ് എന്ന കളിയുമായി ബന്ധപ്പെട്ട മൂല്യങ്ങളാണ്(അത്തരമൊന്ന് ഉണ്ടെങ്കില്‍ മാത്രം).
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ സണ്ണി ലിയോണ്‍ എന്ന പ്രോണ്‍സ്റ്റാര്‍ എത്തിയപ്പോള്‍ ശക്തമായ ധാര്‍മികച്ചര്‍ച്ച ഉയര്‍ന്നുവരികയുണ്ടായി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുത്ത ക്രിക്കറ്റിലെ താരങ്ങള്‍ക്കും പ്രോണ്‍സ്റ്റാറായ സണ്ണി ലിയോണും തമ്മില്‍ എന്താണ് വ്യത്യാസം. രണ്ട് പേരും പണത്തിനുവേണ്ടി തങ്ങളെ പങ്കുവെക്കുന്ന സാഹചര്യത്തില്‍, ഐ.പി.എല്ലിന്റെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ തന്നെ ശുദ്ധ അസംബന്ധമാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍, കായികമായ ക്രിക്കറ്റിനാണ് പ്രാധാന്യമെങ്കില്‍ ചിയര്‍ ഗേള്‍സ് എന്നറിയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് എന്താണ് കാര്യമെന്ന പ്രശ്‌നം ആരും അന്വേഷിച്ചില്ല. എന്നാല്‍ ഈ കളിക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന മദ്യ പാര്‍ട്ടിയില്‍ വന്‍ തുകകള്‍ കൊടുത്ത് ആര്‍ക്കും പ്രവേശനം നേടാമെന്നിരിക്കെ, ഈ കളിയുമായി ബന്ധപ്പെട്ട് സ്‌പോട്ട് ഫിക്‌സിങ്ങും വാതുവെപ്പും മദ്യവും പെണ്‍മണവും എല്ലാം കടന്നുവരിക സ്വാഭാവികമാണ്.
അക്കാര്യത്തില്‍ രുചി നോക്കിയ ശ്രീശാന്തിനെ മാത്രം കുറ്റപ്പെടുത്തുമ്പോള്‍, സമ്പത്തിന് വേണ്ടിയും കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം കളികള്‍ ആവിഷ്‌കരിച്ചവരെയും നാം മറന്നു പോകുന്നു. ശ്രീശാന്തിന്റെ 'ധാര്‍മികത'യില്‍ മാത്രം നാം അഭിരമിക്കുന്നു.