Saturday, May 26, 2012

മയ്യഴിയില്‍ നിന്ന് തപന്റെ നാട്ടിലേക്കുള്ള ദൂരം


മുംബൈയില്‍ നിന്ന് കണ്ണുരിന്റെ മണ്ണിലേക്ക് കൃത്യം ദുരം പതിനെട്ട് മണിക്കുറാണെങ്കില്‍,മയ്യഴിയില്‍ നിന്ന് തപന്റെ നാടായ കൊല്‍ക്കത്തയിലേക്ക് ഒരു മനുഷ്യജന്മത്തിന്റെ ദുരമുണ്ടെന്ന് മനസ്സിലായത് ഈ കേരളയാത്രയിലാണ്.എന്റെ സ്വന്തം നാട്ടില്‍ പോലും മനുഷ്യനെ മനസ്സിലാക്കാനാവാതെ, ഇരുണ്ട തമോഗര്‍ത്തങ്ങളില്‍, സംശയത്തിന്റെ  അഗാധതയില്‍,തള്ളിയിടാന്‍ പ്രസ്ഥാനങ്ങള്‍ വെമ്പല്‍ കൊള്ളുന്നതും കാണേണ്ടി വന്നു..അധികം ദൂരയല്ലാത്ത നാട്ടില്‍ ഒരു മനുഷ്യന്റെ മുഖത്തേറ്റ അമ്പത്തിഒന്ന് വെട്ടുകള്‍,ആ വെട്ടിലേക്ക് എത്തിച്ച സംശയഗ്രസ്തമായ ആത്മാവുകള്‍ പറന്നെത്തുന്നത് വെള്ളിയാംങ്കല്ലിലാവണം.അവിടെ വെച്ചാണ് ദാസനും ചന്ദ്രികയും അന്‍ഫോസാച്ചനും മാഗിയമ്മയും ചിറകിട്ടടിച്ചു പറന്നുയര്‍ന്നത്.അത് ഹൃദയത്തിലാണ് ചേക്കേറിയതെങ്കിലും,അതിന്റെ സൃഷ്ടാവിന്റെ ഹൃദയത്തിന് അമ്പത്തി ഒന്നല്ല,അനേകം സുക്ഷ്മമായ ദ്വാരങ്ങള്‍ ഉണ്ടെന്ന് മലയാളി വായനക്കാരന് പിടികിട്ടിയത് അടുത്തീയിടെ മാത്രമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുട്ടത്തുവര്‍ക്കി അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മാഹി കലാഗ്രാമത്തില്‍ വെച്ച് അന്ന് ഈ മാനവഹൃദയം പരിതപിച്ചത് ദാസനെയും ചന്ദ്രികയ്ക്കും വേണ്ടിയാണ് ഈ പുരസ്‌ക്കാരം സ്വീകരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ്.അന്ന് സിരകളിലുടെ ഏതോ വൈദ്യുതി സ്പര്‍ശം പാഞ്ഞുപോയെങ്കിലും ആ വൈദ്യുതാലിംഗനം ഇന്നും എന്റെ ഹൃദയത്തിലുണ്ട്.അന്ന് അയാളുടെ ഭാഷണത്തോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച മലയാള കഥയെ സ്വപ്‌ന സന്നിഭമാക്കിയ യു.പി.ജയരാജ് ഉയര്‍ത്തിയ വിമര്‍ശം കാലത്തിനു മുമ്പെ എറിഞ്ഞ ദര്‍ശനമായിരുന്നെന്ന് ഇപ്പോള്‍ തോനുന്നു.ഇന്ന് യു.പി.ജയരാജില്ല,ചന്ദ്രികയും ദാസനും സ്വപ്‌നം കണ്ട് നാട് എത്രയോ മാറിയിരിക്കുന്നുവെന്ന് അതിന്റെ സൃഷ്ടാവിന്റെ മൗനം തന്നെ നമ്മോട് അടക്കം പറയുന്നു.

മറുനാട്ടില്‍ മാത്രം ജീവിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാവില്ല.ഇടയ്ക്ക് നാട്ടില്‍ എത്തിനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം പിടികിട്ടും.നഗരമാണോ അതോ ഗ്രാമമാണോ മാറിയതെന്ന് നമുക്ക് മനസ്സിലാവുന്നില്ല.നമ്മിലെ മനുഷ്യത്വമാണോ നമ്മെ നോക്കി പല്ലിളിക്കുന്നതെന്നും വ്യക്തമാകുന്നില്ല.

മുംബൈയിലെ തെരുവിലെ അധോലോകത്തിന്റെ കണക്ക് തീര്‍ക്കലില്‍ പോലും മനുഷ്യത്വമുണ്ട്.ഭീകരാക്രമണത്തിന്റെ നൃശംസ്യതയില്‍ പോലും ഒരു വെടിയുണ്ടയില്‍ ഒരു നിലവിളി അവസാനിപ്പിക്കാനാവും.എന്നാല്‍ ഹ്യുമണ്‍ ഇന്‍ഡക്‌സിന്റെ കാര്യത്തില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍,നിരായുധനായ ഒരാളെ,അയാളുടെ എന്തിനെയും നേരിടാനുള്ള ധൈര്യത്തെ,ആ സ്ഥൈര്യത്തെ നടുറോഡില്‍ ഇട്ട് വെട്ടുമ്പോള്‍ ഒഴുകി പരന്ന ചോര,ആ വെട്ടുന്നവരുടെ മനസ്സില്‍ ഒന്നും സൃഷ്ടിച്ചില്ലെങ്കില്‍ പോലും,ആ മനുഷ്യനെപ്പറ്റി ഓര്‍ക്കാന്‍,എല്ലാവരെയും ഓര്‍മ്മപ്പെടുത്താന്‍ വംഗദേശത്തുനിന്ന് തപന്റെ അമ്മ തന്നെ വരേണ്ടി വന്നു.ആ മഹതി കണ്ട കാഴ്ചകള്‍ വളരെ വലുതാണ്.ആ കാഴ്ചകള്‍ സമ്മാനിച്ച വേദനയാണ് അവരെ മഹാത്മാവായ എഴുത്തുകാരിയാക്കിയത്.


70കളിലെ സിദ്ധാര്‍ത്ഥ ശങ്കര്‍റായുടെ കൊല്‍ക്കത്തയില്‍ നിന്ന് ജ്യോതി ബസുവിലേക്കും,ബുദ്ധദേവിലേക്കും പിന്നീട് മമതയിലേക്കും സഞ്ചരിച്ച കൊല്‍ക്കത്തയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ തപിക്കുന്ന ദൃക്‌സാക്ഷിയാണവര്‍.അവര്‍ക്കറിയാത്ത ചോരചാലുകളില്ല.അവര്‍ വരേണ്ടി വന്നു കേരളമനസ്സിനെ തൊട്ടുണര്‍ത്താന്‍,ഭര്‍ത്സിക്കാന്‍,വേദനിപ്പിക്കാന്‍.ഈ കഴുതകള്‍ എത്ര ദൂരമാണ് പിന്നാക്കം നടന്നതെന്ന കാര്യം അവര്‍ക്ക് വിളിച്ചു പറയേണ്ടി വന്നു.അപ്പോഴാണ് നാം കൊണ്ടാടിയ എല്ലാ വിഗ്രഹങ്ങള്‍ക്കും പൊയ്ക്കാലുകളാണെന്ന് നമുക്ക് ബോദ്ധ്യമായത്.ബോദ്ധ്യമായിട്ടും ബോദ്ധ്യമാകാത്തവരുടെയും നാടായി എന്റെ കേരളം മാറിയിരിക്കുന്നുവെന്നും ഇന്ന് ഞാന്‍ അറിയുന്നു