തൊഴിലാളികളുടെ സമരം കൊണ്ട് കത്തി നിന്ന ചരിത്രം മഹാരാഷ്ട്രയുടെ തീഷ്ണമായ പാഠങ്ങളില്‍ ഒന്നാണ്.അതില്‍ പ്രധാനപ്പെട്ട നഗരം തന്നെയായിരുന്നു മുംബൈ.അവിടെയാണ് സമരം ചെയ്യുന്നവരെ ആറുമാസത്തോളം തടവിലിടുന്ന നിയമം സര്‍ക്കാര്‍ പാസാക്കിയിട്ടുള്ളത്.മുംബൈ ഉള്‍പ്പെടെയുള്ള നഗരത്തിന്റെ സമരവീര്യം ഇന്ന് ഗതകാല സ്മരണ മാത്രമാണ്.ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒരു കാലത്ത് വിറപ്പിച്ച നഗരം ഇന്ന് ആ നേതാവിനെപ്പോലെ തന്നെ ശീതകാലാവസ്ഥയിലാണ്.
മില്‍തൊഴിലാളികള്‍ എന്ന സംജ്ഞപോലും ഇന്നില്ലാതായിരിക്കുന്നു.ഒരു കാലത്ത് മില്‍ തൊഴിലാളികളുടെ പറുദീസയായിരുന്ന പരേല്‍ മുഴുവന്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പറുദീസയായിരിക്കുന്നു.തൊഴിലാളി സംഘടനാ ശക്തികൊണ്ട് പ്രക്ഷുബ്ധമായിരുന്ന ഇന്ന് മുംബൈ നഗരം ശാന്തമാണ്.തൊഴിലാളി നേതാക്കള്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് മുതലാളിമാരായി മാറിയിരിക്കുന്നു.പണ്ട് തൊഴിലാളികളുടെ പേരില്‍ കരസ്ഥമാക്കിയിരുന്ന ഓഫീസുകള്‍ ഇന്ന് തൊഴിലാളി നേതാക്കന്മാരുടെ കൈയിലാണ്.അതില്‍ മിക്കതും കോടിക്കണക്കിന് രുപയ്ക്ക് കൈമാറിക്കഴിഞ്ഞു.അക്കാര്യത്തെ ചോദ്യം ചെയ്യാന്‍ ഇന്ന് തൊഴിലാളി പോയിട്ട് ആരുമില്ല.പ്രതിരോധത്തിന്റെ എല്ലാ ശബ്ദങ്ങളും ഈ നഗരത്തില്‍ നിന്ന് എന്നെ ഒലിച്ചുപോയിരിക്കുന്നു.
അത്തരമൊരു കാലികാവസ്ഥയിലാണ് സര്‍ക്കാര്‍ സമരം ചെയ്യുന്നവരെ തടവറയിലേക്ക് ക്ഷണിക്കുന്ന നിയമം പാസാക്കിയിട്ടുള്ളത്.ഇക്കാര്യം തൊഴിലാളി വിരുദ്ധം തന്നെയാവാം.എന്നാല്‍ ഇക്കാര്യത്തിനെതിരെ ഒരു ചെറുശബ്ദം പോലും ഉയര്‍ന്നുപൊങ്ങിയിട്ടില്ല.അതിനുള്ള നട്ടെല്ല് ഒരു രാഷ്ട്രീയ നേതാവിനുമില്ല.സമരം ചെയ്യുന്നവരെ തടവിലടക്കുന്നത് കരിനിയമം തന്നെയാണെങ്കിലും അതിനെതിരെ ശബ്ദം ഉയര്‍ന്നുപൊങ്ങാത്തതെന്തെന്ന കാര്യത്തെപ്പറ്റിയാണ് നാം ഗൗരവമായി ആലോചിക്കേണ്ടത്.അത്രമാത്രം ശവപ്പറമ്പായിരിക്കുന്നു മുംബൈയുടെ പ്രതിരോധം.