Monday, August 29, 2011

അണ്ണാഹസാരെ സമരം അവസാനിപ്പിക്കുമ്പോള്‍

എഴുപത്തിനാല്കാരനായ അണ്ണാഹസാരെ പതിമൂന്ന് ദിവസം നീണ്ട നിരാഹാരത്തിന് രാംലീലാമൈതാനിയില്‍ വിരാമമിടുമ്പോള്‍ മുംബൈ ആസാദ് മൈതാനിയിലെ ആരവങ്ങളും താനെ കെട്ടടങ്ങുകയായിരുന്നു.ഇവിടെ നിരാഹാരത്തില്‍ ഉണ്ടായിരുന്ന പതിനേഴ് പേരും അവരുടെ ജീവിതാരവത്തിലേക്ക് കടന്നു കഴിഞ്ഞു.അഴിമതിക്കെതിരെ സമരം രാജ്യവ്യാപകമായി അലയടിച്ചപ്പോള്‍ മുംബൈ നഗരവും അതിന്റെ ചൂട് എല്ലാ അര്‍ത്ഥത്തിലും ഏറ്റുവാങ്ങുകയായിരുന്നു.ജനപക്ഷ രാഷട്രീയത്തിന്റെ മാറുന്ന മുഖമാണ് അണ്ണാഹസാരെ സമരം തുറന്നുവിട്ടത്.സമരത്തിലെ രോഷവും വേദനയും തെരുവുകളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു.മാധ്യമങ്ങളാണ് സമരത്തിന്റെ അജണ്ട നിശ്ചയിച്ചതെന്ന് പറയാം.മണിക്കൂറുകള്‍ ഇടവിടാതെ ദിവസവും സമരത്തെ മുന്‍നിരയില്‍ എത്തിക്കുന്നതില്‍ ദൃശ്യമാധ്യമങ്ങളും ശ്രദ്ധേയമായ സംഭാവന തന്നെ സമരക്കാര്‍ക്ക് നല്‍
കി.

അഴിമതിക്കെതിരെയുള്ള അണ്ണാഹസാരെ നടത്തിയ സമരത്തില്‍ പങ്കെടുത്തവര്‍ എത്ര ആത്മാര്‍ത്ഥമായാണ് ഈ പ്രസ്ഥാനപ്രയാണത്തെ സമീപിച്ചിരുന്നത് എന്ന കാര്യം ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.ആസാദ്‌മൈതാനിയില്‍ കത്തിനിന്ന് സമരാവേശങ്ങള്‍ക്കൊപ്പം ഈ സമരവുമായി ബന്ധപ്പെട്ട് വിപണിയില്‍, നിരവധി  ഉല്പന്നങ്ങള്‍ എത്തുകയുണ്ടായി.അത്തരം ഉല്പന്നങ്ങളെ എങ്ങിനെയാണ് സമരത്തില്‍ ചൂടപ്പം പോലെ വിറ്റഴിക്കുക എന്ന കാര്യത്തിലും പുതിയ ഉള്‍ക്കാഴ്ച, ഈ സമരം നല്‍കുകയുണ്ടായി.അണ്ണാഹസാരെയ്ക്ക് താന്‍ ഉന്നയിക്കുന്ന കാര്യത്തോട്,ജനത്തോട് നൂറ് ശതമാനവും അതിനപ്പുറമുള്ള പ്രതിപത്തി ഉണ്ടാവാം.എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ മനശ്ശാസ്ത്രം മറ്റൊന്നായിരുന്നു. കമ്പോളത്തെപ്പറ്റി നല്ല ദിശാബോധമുള്ള ചിലര്‍ സമരത്തെയും എങ്ങിനെ വിപണിവല്‍ക്കരിക്കാം എന്ന് നമുക്ക് കാണിച്ചുതരികയായിരുന്നു.

സമരത്തിന്റെ വിപണി ഗാന്ധി തൊപ്പിയില്‍ നിന്ന് ആരംഭിക്കുന്നു.ഐ ആം അണ്ണ എന്നെഴുതിയ തൊപ്പിക്ക് 10രൂപ മുതല്‍ 25രുപയായിരുന്നു വില.ലഭ്യത കുറയുമ്പോള്‍ ഡിമാന്‍ഡ് ശക്തമാകുന്ന സാമ്പത്തികശാസ്ത്ര സിദ്ധാന്തമനുസരിച്ച്  ഇതിലും വില കൂട്ടി പലപ്പോഴും തൊപ്പികള്‍ വിറ്റിട്ടുണ്ട്്് എന്നത്്് മറ്റൊരു കാര്യം. വിവിധ തുണിത്തരങ്ങളുടെ മുന്തിയതും താണതുമായ തോപ്പികള്‍ പല നിറത്തില്‍ അക്ഷരങ്ങള്‍ മാറിയും മറിഞ്ഞും സമര പന്തലിലെത്തി.കവിളില്‍ പൂശാന്‍ മുവര്‍ണ്ണഛായം,അണ്ണാഹസാരെ മുഖം മുടികള്‍,ഷര്‍ട്ടില്‍ പിടിപ്പിക്കുന്ന ബാഡ്ജുകള്‍,ഇപുപത്തി അഞ്ച് രൂപ മുതല്‍ ആയിരം രുപ വരെയുള്ള ദേശീയ പതാകകള്‍,കൈയില്‍ കയറ്റിയിടുന്ന ബാന്‍ഡുകള്‍,നൂറ് രുപ മുതല്‍ എണ്ണൂറ് രുപ വരെ വിലയുള്ള ടീ ഷര്‍ട്ടുകള്‍,ത്രിവര്‍ണ്ണ ഹെഡ്ബാന്‍ഡുകള്‍ അങ്ങിനെ സമര വിപണിയില്‍ എത്തിയത് എന്തെല്ലാം ഉല്പന്നങ്ങള്‍..സമരത്തെ വിപണിയും വിപണിയെ സമരവും നന്നായി ഏറ്റെടുക്കുകയായിരുന്നു.

ഇനി രാജ്യം മുഴുവന്‍ വ്യാപിക്കാനിരിക്കുന്ന ഏത് പ്രക്ഷോഭത്തെയും കമ്പോളം എങ്ങിനെ ഏറ്റെടുക്കുമെന്ന പാഠവും ഈ സമരം നല്‍കുകയുണ്ടായി.സമരത്തില്‍ പങ്കാളികളായത് ഭൂരിപക്ഷവും ഇടത്തട്ടുകാരും യുവത്വവുമായിരുന്നു.അവരാണ് ഈ രാജ്യത്തെ കമ്പോളത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍.അവര്‍ക്ക് വേണ്ടി സമരത്തില്‍ എത്തിയ ഉല്പന്നങ്ങളാവട്ടെ ചെറിയ സമയത്തേക്ക് ഉപയോഗിച്ച് വലിച്ചെറിയുന്നവയുമായിരുന്നു.രാജ്യസ്‌നേഹം വിളമ്പരം ചെയ്ത ഈ സമരത്തില്‍ മണ്ണില്‍ പുതഞ്ഞ്,എത്രയോ ആളുകള്‍ ചവിട്ടിക്കടന്നു പോയ നമ്മുടെ രാഷ്ട്രത്തിന്റെ അഭിമാന ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു.ആവേശത്തിന് മുകളില്‍ അതെല്ലാം നിമിഷാര്‍ദ്ധത്തില്‍ വിസ്മരിക്കുകയായിരുന്നു.ബ്രീട്ടീഷ്‌കാരന്റെ ചവിട്ടേറ്റ് അന്നത്തെ സമരഭടന്മാര്‍ ഉയര്‍ത്തിപ്പിടിച്ച പതാകയ്ക്ക് ഈ സമരപ്പന്തലില്‍ എല്ലാം അര്‍ത്ഥത്തിലും അവഗണിക്കുന്ന കാഴ്ച പലപ്പോഴായി കണ്ടു.അണ്ണാഹസാരെയുടെ ആത്മാര്‍ത്ഥത നമുക്ക് മുഖമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ?

സമരം ആവേശമായിരുന്നു.കാലത്തെ ചരിത്രത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനും ഭരണകൂടങ്ങളെ കടപുഴക്കി എറിയാനും ഇത്തരം ആവേശങ്ങള്‍ മതിയാവും.എന്നാല്‍ ചില മുല്യങ്ങള്‍ എന്നും എല്ലാ സമരവും നല്‍കിയിട്ടുണ്ട്.അത്തരം മൂല്യം വൈദ്യുതസ്പര്‍ശം പോലെ ആള്‍ക്കൂട്ടത്തിലേക്ക് നല്‍കാനും അണ്ണാഹസാരെയുടെ ഇനി നടക്കാനിരിക്കുന്ന സമരങ്ങള്‍ക്ക് ആവട്ടെ...

1 comment:

  1. സമയോജിതമായ ബ്ലോഗ്‌. എനിക്ക്‌ വളരെ ഇഷ്ടമായി.

    ReplyDelete