Saturday, August 27, 2011

അണ്ണാഹസാരെയും സമരവും


അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തുന്ന സമരം ശക്തമായി രാജ്യം മുഴുവന്‍ അലയടിക്കുകയാണ്.എല്ലാ മേഖലയിലും അതിന്റെ അനുരണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.രാഷ്ട്രീയക്കാര്‍ക്കെതിരെയും ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെയുമാണ് സമരം ആഞ്ഞടിക്കുന്നതെങ്കിലും ലോക്പാല്‍ ബില്‍ പരിധിയിലേക്ക് പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിയാല്‍ തീരുന്ന രീതിയില്‍ സമരം മാഞ്ഞുപോകുമോ എന്നതാണ് ഇന്ന് ഉയര്‍ന്നു വരുന്ന ചോദ്യം.
രാജ്യത്ത് നടക്കുന്ന ഭീമമായ അഴിമതി നടത്തിയതില്‍ രാഷ്ട്രീയക്കാര്‍ക്ക് ശക്തമായ പങ്കുണ്ടെങ്കിലും അത് നടത്തിയത് കോര്‍പ്പറേറ്റ് ഭീമന്മാരുടെ പങ്കാളിത്തത്തോടെയാണ്.അവര്‍ക്ക് വേണ്ടി തന്നെയാണ് ഇവര്‍ ചരടുവലിച്ചത്.നീരാറാഡിയ ടേപ്പുകള്‍ അത് വെളിപ്പെടുത്തുന്നുമുണ്ട്.എന്നാല്‍ ഇന്ന് കോര്‍പ്പറേറ്റ് ഭീമന്മാര്‍ നല്ല പിള്ള ചമയുകയാണ്.അവര്‍ ഇന്ന് അന്നാഹസാരെ നടത്തുന്ന സമരത്തിന് എല്ലാ 'അര്‍ത്ഥ'ത്തിലും പിന്തുണയ്ക്കുന്നു.ഓരോ സമരത്തെയും എങ്ങിനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്ന് കോര്‍പ്പറേറ്റ് ഭീമന്മാരെ ആരെയും പഠിപ്പിക്കേണ്ട.മുംബൈ മാരത്തോണ്‍ സ്‌ഫോണ്‍സര്‍ ചെയ്യുന്ന അതേ ലാഘവത്വം അവര്‍ക്ക് എല്ലാ കാര്യത്തിലുമുണ്ട്.പഴുത് കിട്ടിയാല്‍ അവര്‍ അരുന്ധതി റോയിയുടെ നക്‌സല്‍ അനുകൂല പ്രസംഗത്തെയും സ്‌പോണ്‍സര്‍ ചെയ്‌തെന്നിരിക്കും.അതില്‍ അവര്‍ക്ക് നീരാറാഡിയയോടും അരുന്ധതിയോടും അണ്ണാഹസാരെയോടും ഒരോ നിലപാടാണ്.ഇക്കാലത്ത് കോര്‍പ്പറേറ്റ് മാഫിയയെ മാറ്റി നിര്‍ത്തി അത്തരമൊരു കാര്യം ആര്‍ക്കും ആലോചിക്കാന്‍ പോലുമാവില്ല.


മുതലാളിത്തത്തിന്റെ പരിണാമദശയിലെ ശക്തമായ കുതിപ്പായ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ത്യന്‍ മണ്ണില്‍ അഴിച്ചുവിട്ടതോടെയാണ് അഴിമതി മറ്റോരര്‍ത്ഥത്തില്‍ കരാളരൂപം പ്രാപിക്കാന്‍ തുടങ്ങിയത്.ആ അഴിമതിയിലാണ് രാജ്യം കൂപ്പ് കുത്തി നില്‍ക്കുന്നത്.രാജ്യത്തെ എല്ലാ മേഖലയിലും അഴിമതി പത്തി വിടര്‍ത്തിയാടുമ്പോള്‍ അതിനോടുള്ള ജനകീയ രോഷത്തില്‍ അണ്ണാഹസാരെ കത്തിജ്വലിക്കുന്ന പ്രതീകമായത് സ്വാഭാവിക പരിണതിയാണ്.സാധാരണക്കാരനും ഇടത്തട്ടുകാരനും ഓരോ ദിവസവും  അഴിമതിയുടെ എത്രയോ അദ്ധ്യായങ്ങള്‍ ജീവിതത്തില്‍ ഓരോ ദിവസവും വായിച്ചുതീര്‍ക്കുന്നു.ഇതില്‍ നിന്നോരു മോചനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല.അത് എല്ലാ അര്‍ത്ഥത്തിലും നിര്‍ത്തലാക്കുക അസാദ്ധ്യമാണെങ്കില്‍ തന്നെയും അത്തരമൊരു അവസ്ഥ എല്ലാവരുടെയും സ്വപ്‌നമാണ്.ആ സ്വപ്‌നം സൃഷ്ടിച്ച രാജകുമാരനാണ് ഇന്ന് അണ്ണാഹസാരെ.മുതലാളിത്തത്തിന്റെ മറ്റ് സംവിധാനങ്ങള്‍ക്കെതിരെയോ ആഗോളവല്‍ക്കരണത്തിനെതിരെയോ യാതൊരു രാഷട്രീയ നിലപാടില്ലാത്ത അണ്ണാഹസാരെ അഴിമതി തുടച്ചു നീക്കണമെന്ന് സ്വപ്‌നം കാണുന്നു.അത് എത്ര കാലം കത്തി നില്‍ക്കുമെന്ന കാര്യം ഏതാനും നാളുകള്‍ക്കുള്ളില്‍ നമുക്ക് ബോദ്ധ്യമാവും.
കള്ളവും ചതിയുമില്ലാത്ത മാവേലി നാളിനെ സ്വപ്‌നം കാണുന്നവരാണ് നാം മലയാളികള്‍.അതുപോലെ അഴിമതി രഹിതമായ ഒരു ലോകത്തെ അണ്ണാഹസാരെയിലുടെ സ്വപ്‌നം കാണുന്നതില്‍ നമുക്ക് ആരെയും കുറ്റം പറയാനാവില്ല.അണ്ണാഹസാരെ ഉന്നയിക്കുന്ന ലോക്പാല്‍ സമിതിയെ ഇന്ത്യന്‍ പാര്‍ലമെന്റിനു മുകളില്‍ പ്രതിഷ്ഠിക്കണമെന്ന് വാശി പിടിക്കുന്നതില്‍ ജനാധിപത്യത്തിന്റെ സത്തയാണ് ചോദ്യം ചെയ്യപ്പെടുന്നത്.നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ പുഴുക്കുത്തുകളെപ്പറ്റി ചിന്തിക്കാന്‍ ഈ സമരം പുതിയ തുടക്കമാവട്ടെ..



1 comment:

  1. ഇത് കൂടി വായിക്കുക
    http://www.thattakam.com/?p=2292

    ReplyDelete