Thursday, August 11, 2011

അധികാരത്തിന്റെ ഇടനാഴിയിലെ ശക്തമായ സാന്നിദ്ധ്യം

പി.സി അലക്സാണ്ടര്‍
ന്നും അധികാരത്തിന്റെ ഇടനാഴിയിലെ ശക്തമായ സാനിദ്ധ്യമായിരുന്നു.പി.സി.അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയുട പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്ന് ആരംഭിക്കുന്ന അധികാര രാഷട്രീയത്തിന്‍റെ രഥ്യയില്‍ നിരവധി അടിയൊഴുക്കുകള്‍ നടന്നപ്പോഴും നെഹ്‌റു കുടുംബവുമായി ഒട്ടി നിന്ന ചരിത്രം മാത്രമുള്ള പി.സി.അലക്‌സാണ്ടര്‍ക്ക് തന്റെ ജീവിതത്തില്‍ തന്നെ മറ്റോരു വഴി തുറക്കേണ്ടി വരുന്നത് മഹാരാഷട്ര ഗവര്‍ണ്ണറായതോടെയാണ്.
മുംബൈ കലാപം കത്തിനിന്ന നാളുകളിലാണ് മഹാരാഷട്ര ഗവര്‍ണ്ണര്‍ പദവിയില്‍ അവരോധിക്കപ്പെടുന്നത്. അന്ന് കലാപം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി തന്‍റേതായ രീതിയില്‍ സ്വാന്തനം നല്‍കുകയും ചെയ്തു. മഹാരാഷട്ര സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പുനരധിവാസ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം തന്നെയാണ് പി.സി.അലക്‌സാണ്ടര്‍ ഈ കാലയളവില്‍ നടത്തിയത്. ഈ പ്രവര്‍ത്തനത്തിലൂടെയാണ് മഹാരാഷട്രീയരായ എല്ലാ രാഷട്രീയ പാര്‍ട്ടിക്കാരുടെയും ഉറ്റ തോഴനായി പി.സി.അലക്‌സാണ്ടര്‍ മാറുന്നത്. മുംബൈ കലാപത്തിന്‍റെയും സ്‌ഫോടനത്തിന്‍റെയും മുറിവുകള്‍ പലരുടെയും മനസ്സില്‍ കണ്ടെക്കാമെങ്കിലും മുംബൈ നഗരം ഇനി അത്തരമൊരവസ്ഥയിലേക്ക് ഒരിക്കലും സഞ്ചരിക്കില്ലെന്ന് പി.സി.അലക്‌സാണ്ടര്‍ തന്‍റെ അഭിപ്രായം വ്യക്തമായിരുന്നു.


കോണ്‍ഗ്രസ്സ് മാറി ശിവസേന ചരിത്രാധികാരത്തില്‍ എത്തിയപ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങ് രാജ് ഭവനില്‍ നിന്ന് മാറ്റി അവരുടെ ഹൃദയഭൂമിയായ ദാദറിലെ ശിവാജി പാര്‍ക്കിലേക്ക് നടത്തണമെന്ന് സേനാതലവന്‍ ബാല്‍താക്കറെ ഉള്‍പ്പെടെയുള്ളവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഈ ആഗ്രഹം വ്യക്തമാക്കിയപ്പോള്‍ പി.സി.അലക്‌സാണ്ടര്‍ സമ്മതം മൂളുകയായിരുന്നു. മഹാരാഷട്രയുടെ ചരിത്രത്തില്‍ രാജ് ഭവന് പുറത്ത് നടക്കുന്ന ആദ്യത്തെ സത്യപ്രതിജ്ഞാ ചടങ്ങായി ചരിത്രത്തില്‍ ഇക്കാര്യം ഇടം നേടുകയും ചെയ്തു. ശിവസേനയുടെ ഉള്‍പ്പെടെയുള്ള രാഷട്രീയ പാര്‍ട്ടികള്‍ക്ക് പി.സി.അലക്‌സാണ്ടര്‍ പ്രിയങ്കരനാവുന്നത് ഈ നടപടിയിലൂടെയാണ്. കോണ്‍ഗ്രസ്സ് അകത്തളങ്ങളില്‍ പി.സി.അലക്‌സാണ്ടര്‍ക്കെതിരായ നീക്കത്തിന് ഈ സംഭവം വെടിമരുന്ന് ഇടുകയും ചെയ്തു. ഹിന്ദുസമുദായാംഗമല്ലാത്ത മലയാളിയായ ഒരാള്‍ ബാല്‍താക്കറെക്ക് പോലും അഭിമതനായി മാറുന്നത് ഇവിടെ നിന്നാണ്.

രാജീവ് ഗാന്ധിയുടെ താല്പര്യമാണ് പി.സി.അലക്‌സാണ്ടര്‍ മഹാരാഷട്ര ഗവര്‍ണ്ണറായി നിയമിക്കുന്നത്. പിന്നീട് കാലാവധി അവസാനിച്ചപ്പോള്‍ ബാംഗ്ലൂരിലേക്ക് താമസം മാറ്റാനിരിക്കെയാണ് ശിവസേനയും ബി.ജെ.പിയും ചേര്‍ന്ന് മഹാരാഷട്ര ഗവര്‍ണ്ണറായി തുടരണമെന്ന് ആവശ്യപ്പെടുന്നത്. ആ ആവശ്യം മഹാരാഷട്ര ഗവര്‍ണ്ണറായി സ്വികരിക്കുകയായിരുന്നു. ഒന്‍പത് വര്‍ഷത്തോളം മഹാരാഷ്ട്രയുടെ ഗവര്‍ണ്ണറായി ഇരുന്ന പി.സി.അലക്‌സാണ്ടര്‍ കോണ്‍ഗ്രസ്സിന്റെ പുതിയ മുഖങ്ങളില്‍ നിന്ന് അകന്നു. മറ്റൊരു മുഖത്തിലാണ് പിന്നീട് പി.സി.അലക്‌സാണ്ടര്‍ പ്രത്യക്ഷപ്പെടുന്നത്, ഉളളില്‍ വേദനയുണ്ടെങ്കിലും ശിവസേന ഉള്‍പ്പെടെയുള്ള രാഷട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി വിജയം നേടി. എന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നിന്ന് അകലുയായിരുന്നു. ആ അകല്‍ച്ച പിന്നീട് ബി.ജെ.പി പിന്തുണയോടെ രാഷട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ നിയോഗിക്കപ്പെട്ടതോടെ പൂര്‍ണ്ണവൃത്തം പൂര്‍ത്തിയാക്കുകയും ചെയ്തു. 
നിരവധി തവണ പി.സി.അലക്‌സാണ്ടറെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി കാണുന്നത് മികച്ച സാമൂഹ്യസേവനത്തിനുള്ള കാഞ്ചി മഠാധിപതി ചന്ദ്രശേഖരേന്ദ്ര സരസ്വതി പുരസ്‌ക്കാരം നേടിയതിനു ശേഷം മാതൃഭുമിക്ക് വേണ്ടി നടത്തിയ അഭിമുഖ കാലത്താണ്.അന്ന് പി.സി.അലക്‌സാണ്ടര്‍ My years with indira gandhi,Through the corridors of power,The perils of democracy എന്നീ പുസ്തകങ്ങള്‍ ഒപ്പിട്ട് നല്‍കുകയുണ്ടായി. അതിന് ശേഷം കാവി സഖ്യത്തിന്റെ ഭാഗമായപ്പോഴൊക്കെ നിരവധി തവണ കണ്ടു.
എന്നും മഹാരാഷട്രീയരെ പറ്റി ആദരവ് കലര്‍ന്ന ഭാഷയിലെ പി.സി.അലക്‌സാണ്ടര്‍ സംസാരിച്ചിട്ടുള്ളൂ. പതിനാലാം നൂറ്റാണ്ട് മുതല്‍ മഹാരാഷട്രയിലുണ്ടായ ജ്ഞാനേശ്വര്‍, മഹാദേവ്, തുക്കാറാം എന്നീ മഹത്തുക്കള്‍ ഉള്‍പ്പെട്ട ധാരയെപ്പറ്റി വിശദമായി പഠിക്കാനും ശ്രമിച്ചു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും മഹാരാഷ്ട്ര പോലെ ഇത്ര തീഷ്ണവും ഗാഡവുമായ ആത്മീയ പാരമ്പര്യം ഉണ്ടാവില്ലെന്നും വ്യക്തമാക്കുകയുണ്ടായി. ഈ പാരമ്പര്യത്തെപ്പറ്റി പഠിക്കാന്‍ പല മലയാളി വേദികളിലും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയെ  സ്‌നേഹിക്കുകയും അതിന്റെ സവിശേഷതകളെ ആവോളം ഏറ്റുവാങ്ങുകയും ചെയ്ത മഹാനായ കേരളീയനാണ് പി.സി.അലക്‌സാണ്ടറുടെ വിയോഗത്തിലൂടെ ഇല്ലാതായത്.














No comments:

Post a Comment