മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷമായി ഒന്‍പത് യുവാക്കളാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ വിചാരണ തടവില്‍ കഴിയുന്നത്.അവരുടെ ജാമ്യപേക്ഷ ഒക്ടോബര്‍ ഒന്നിന് പരിഗണിക്കാനിരിക്കുകയാണ്.മാലേഗാവ് സ്‌ഫോടനം നടന്ന അഞ്ചു വര്‍ഷം മുമ്പ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് അന്നത്തെ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
സ്‌ഫോടനത്തിലെ പങ്കാളികള്‍ എന്ന നിലയിലാണ് അക്കാലയളവില്‍ ഇവര്‍ അറസ്റ്റിലാവുന്നത്.ഒന്‍പത് ചെറുപ്പക്കാര്‍ക്കുണ്ടായിരുന്ന ജീവിതത്തെയും സ്വപ്‌നത്തെയുമാണ് അന്നത്തെ പോലീസ് സന്നാഹം ചവിട്ടി അരച്ചത്്.അവര്‍ ഇപ്പോള്‍ അഞ്ചു വര്‍ഷമാണ് വിവിധ ജയിലുകളിലും ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലുലുമായി കഴിയുന്നത്.അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ അനുഭവിച്ച പീഢനത്തിന് ആരാണ് ഇന്ന് മറുപടി പറയുക? പോലീസിന്റെ മാരകമായ പീഢനങ്ങള്‍,ചോദ്യവും ഭേദ്യവും നിറഞ്ഞ രാവുകള്‍,അപസര്‍പ്പക സമാനമായ പത്രവാര്‍ത്തകള്‍,കുടുംബത്തിന്റെ ഒറ്റപ്പെടല്‍,സമൂഹത്തിന്റെ ഭര്‍സ്തനം,അങ്ങിനെ പറഞ്ഞാല്‍ അനുഭവത്തിന് വഴങ്ങാത്ത എത്രയോ പീഢനങ്ങള്‍ അശനിപാതം പോലെ കടന്നുപോയി ജീവിതങ്ങളാണ് പുതിയ ജാമ്യാപേക്ഷയില്‍ കുടുങ്ങി കിടക്കുന്നത്.
ഗൂഗില്‍ എര്‍ത്തിലൂടെ മകള്‍ പാഞ്ഞുപോകവെ
അവള്‍ ചോദിക്കുന്നു,അച്ഛാ ഇതേതാണ് അപായസൂചനകൊണ്ട് രേഖപ്പെടുത്തിയ
കോഴിക്കോട്ടെ സ്ഥലം-കക്കയം
കക്കയത്തിലേക്ക് മൗസ് സൂം ചെയ്യുമ്പോള്‍
പുലിക്കോടനും മധുസൂദനനും ലക്ഷ്മണയുടെയും ജയറം പടിക്കലിന്റെയും അലര്‍ച്ചകള്‍
മീഡിയാപ്ലയറില്‍ നിന്ന് കേള്‍ക്കുന്നു.
നീണ്ട ഞരക്കങ്ങളും പൊട്ടിക്കരച്ചിലും ഉയരുന്നു
മൗസില്‍ ഡബില്‍ ക്ലിക്ക്
തൊട്ടടുത്ത തടാകക്കരയില്‍
മണ്ണില്‍ പുതഞ്ഞ അസ്ഥിയില്‍ നിന്ന് കൂനനുറുമ്പുകള്‍ വരിവരിയായ് പോകുന്നു
ഈ പോക്ക് ആനയെ കൊല്ലാനാവുമോ?(1)
ആര്‍ക്കറിയാം ദൈവമേ,മകള്‍ ചിരിക്കുന്നു.
മൗസ് പിന്നെയും പരക്കം പായുന്നു
അച്ഛാ ബസ്തറിലേക്ക് നോക്കൂ
അരുന്ധതി റോയ് ചിരിച്ചുല്ലസിച്ച് നക്സലുകള്‍ക്കൊപ്പം നടക്കുന്നു.
കാട് അരുന്ധതിയെ ഇരുട്ടില്‍ കൊല്ലുന്നു.
മൗസ് കാലത്തിന് പിന്നിലേക്ക് പായുന്നു
യു.പി.ജയരാജിന്റെ വീടിന്റെ പടികള്‍ പേടിയോടെ കവച്ച് വെച്ച്
കെ.വേണു ധൃതിയില്‍ എങ്ങോട്ടാണ് പോകുന്നത്
എന്തിനായിരിക്കാം ഇത്ര പേടി?
വാതില്‍ തുറന്ന് അഴീക്കോടന്റെ ചിരിയോടെ മുന്നില്‍ ജയരാജ്.
എന്താണ് അവര്‍ പറയുന്നത്
മീഡിയാപ്ലയറില്‍ നിന്ന് സ്വകാര്യത്തിന്റെ പിറുപിറുപ്പ് മാത്രം..
അച്ഛാ ബംഗാളിലെ വയലുകളില്‍ ആയുധധാരികള്‍ക്കൊപ്പം ഇരിക്കുന്നത് കിഷന്‍ജി എന്നയാളല്ലേ
വേണ്ട അവിടെ നിന്ന് മൗസ് മാറ്റൂ,
ആ ദ്യശ്യം ഹൃദയത്തോടെ കാണുന്നത് രാജ്യദ്രോഹമാകും
ബംഗാളില്‍ നിന്ന് ഒരു വാര്‍ത്തയുമില്ലെന്ന് മുമ്പ് ആരോ പറഞ്ഞില്ലെ,അതാരാണ് അച്ഛാ(2)
അത് പഴയ കവിതയല്ലേ മോളേ.
ഇന്ന് ബംഗാളും ചത്തീസ്ഗഡുമാണ് വാര്‍ത്തയില്‍ വായനക്കാരെ നിരന്തരം പീഡിപ്പിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
അല്ല കെ.എന്‍.രാമചന്ദ്രന്‍ മുറിയില്‍
ഇരുന്ന് എന്താണ് ചെയ്യുന്നത്
വിപ്ലവസാഹിത്യം രചിക്കുകയാണോ,അല്ല അച്ഛാ
ഫേസ് ബുക്കിലെ വാളില്‍ എന്തോ കാര്യം പോസ്റ്റ്
ചെയ്യുവാനാതെ നിന്ന് വിയര്‍ക്കുന്നു.
വിപ്ലവത്തെ ഫേസ് ബുക്കിലേക്ക് ഒളിച്ച് കടത്തുന്നു..
അച്ഛാ കേരളത്തിലേക്ക് പോകണോ? വേണ്ട,
കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യൂ
വാതിലില്‍ ആരാണ് മുട്ടുന്നത്
മുന്നില്‍ ചിരിയോടെ സഖാവ് കൃഷ്ണപ്പിള്ള.
ചിരി ലോകം ഭേദിച്ച് നിലാവ് പോലെ പരന്നൊഴുകുന്നു.
(1)സച്ചിദാനന്ദന്റെ കവിത
കൂനനുറുമ്പണി ചേര്‍ന്നൊരാനയെ കൊന്നെന്ന്..............
(2) ബംഗാള്‍.കെ.ജി.ശങ്കരപ്പിള്ള