Tuesday, September 27, 2011

ഈ ദുരന്തത്തിന് ആര് ഉത്തരം പറയും


മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷമായി ഒന്‍പത് യുവാക്കളാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ വിചാരണ തടവില്‍ കഴിയുന്നത്.അവരുടെ ജാമ്യപേക്ഷ ഒക്ടോബര്‍ ഒന്നിന് പരിഗണിക്കാനിരിക്കുകയാണ്.മാലേഗാവ് സ്‌ഫോടനം നടന്ന അഞ്ചു വര്‍ഷം മുമ്പ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് അന്നത്തെ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
സ്‌ഫോടനത്തിലെ പങ്കാളികള്‍ എന്ന നിലയിലാണ് അക്കാലയളവില്‍ ഇവര്‍ അറസ്റ്റിലാവുന്നത്.ഒന്‍പത് ചെറുപ്പക്കാര്‍ക്കുണ്ടായിരുന്ന ജീവിതത്തെയും സ്വപ്‌നത്തെയുമാണ് അന്നത്തെ പോലീസ് സന്നാഹം ചവിട്ടി അരച്ചത്്.അവര്‍ ഇപ്പോള്‍ അഞ്ചു വര്‍ഷമാണ് വിവിധ ജയിലുകളിലും ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലുലുമായി കഴിയുന്നത്.അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ അനുഭവിച്ച പീഢനത്തിന് ആരാണ് ഇന്ന് മറുപടി പറയുക? പോലീസിന്റെ മാരകമായ പീഢനങ്ങള്‍,ചോദ്യവും ഭേദ്യവും നിറഞ്ഞ രാവുകള്‍,അപസര്‍പ്പക സമാനമായ പത്രവാര്‍ത്തകള്‍,കുടുംബത്തിന്റെ ഒറ്റപ്പെടല്‍,സമൂഹത്തിന്റെ ഭര്‍സ്തനം,അങ്ങിനെ പറഞ്ഞാല്‍ അനുഭവത്തിന് വഴങ്ങാത്ത എത്രയോ പീഢനങ്ങള്‍ അശനിപാതം പോലെ കടന്നുപോയി  ജീവിതങ്ങളാണ് പുതിയ ജാമ്യാപേക്ഷയില്‍ കുടുങ്ങി കിടക്കുന്നത്.

ദേശീയ അന്വേഷണസേന കണ്ടെത്തിയിരിക്കുന്നു മാലേഗാവില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ഈ ചെറുപ്പക്കാരായിരുന്നില്ല എന്ന്.അതുകൊണ്ടു തന്നെ ഒക്ടോബര്‍ ഒന്നിന് ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു.ഹിന്ദു തീവ്രവാദി സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന കണ്ടെത്തലാണ് ഇവരെ കുറ്റത്തില്‍ നിന്ന് വിമുക്തമാക്കാനുള്ള നടപടിയിലേക്ക് നയിച്ചത്.

അന്വേഷണസംഘത്തിന് മറുപടിയുണ്ടാവും സ്‌ഫോടനം നടന്നപ്പോള്‍ സംശയകരമായി കസ്റ്റഡിയില്‍ എടുക്കേണ്ടി വരുമെന്നത് കേസ് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിലയിരുത്താം.എന്നാല്‍ എല്ലാ കുറ്റപത്രങ്ങളും വിശദമായി ഇവര്‍ തന്നെയാണ് കുറ്റവാളികള്‍ എന്ന് അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒന്‍പത് ചെറുപ്പക്കാരെ രാവും പകലുമില്ലാതെ നിരന്തരം ചോദ്യം ചെയ്ത് എഴുതി വാങ്ങി കുറ്റക്കാരാക്കി മാറ്റിയ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മനോവികാരമെന്തായിരുന്നു?

മാലേഗാവ് സ്‌ഫോടനത്തില്‍ പിന്നീട് നടന്ന അന്വേഷണങ്ങളാണ് കേസിന് പുതിയ ഉള്‍ക്കാഴ്ച നല്‍കിയത്.ഇക്കാര്യത്തിന് പിന്നില്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആത്മസമര്‍പ്പിതമായ ജീവിതവും ഒപ്പം തന്റെ തൊഴിലിനോട് കാണിച്ച സത്യസന്ധതയും ഉണ്ടായിരുന്നു.ആ മഹാനായ മനുഷ്യന്‍ നല്‍കിയ ശ്രദ്ധയാണ് ഊ ഒന്‍പത് ചെറുപ്പക്കാരുടെ ജീവിതത്തെ മാറ്റി മറിച്ചത്.ഹേമന്ത് കര്‍ക്കരെ ഇവര്‍ക്ക് പുനര്‍ജന്മം നല്‍കുകയായിരുന്നെന്ന് പറയാം.

എല്ലാ അന്വേഷണത്തിന് പിന്നില്‍ നിന്ന് ചോര്‍ന്നു പോവുന്നത് ഇത്തരം സത്യസന്ധതയാണ്.കേസ് തെളിയിച്ച് അവസാനിപ്പിക്കാന്‍ പോലീസ് സന്നാഹം കാണിക്കുന്ന വ്യഗ്രതയില്‍ എത്രയോ ജീവിതങ്ങള്‍ ഇല്ലാതായിട്ടുണ്ട്.ഇന്ത്യയിലെ തന്നെ നിരവധി ജീവിതങ്ങള്‍ അങ്ങിനെ വിവിധ ജയിലുകളില്‍ കിടക്കുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിപ്പോഴും വിവിധ രീതികളില്‍ തുടരുന്നു.നിരപരാധികളെ കുറ്റവാളികള്‍ കണക്കെ സമുഹം കൈകാര്യം ചെയ്യുമ്പോള്‍,അവരനുഭവിച്ച പീഢനപര്‍വ്വത്തില്‍ നിന്ന് മറ്റ് മാര്‍ഗ്ഗത്തിലേക്ക് വഴി മാറിപ്പോകാം.അത്തരം കുറ്റവാളികളെ സൃഷ്ടിക്കുന്നതാവരുത് നീക്കമെന്ന് നാം എല്ലായ്‌പ്പോഴും പറയുമെങ്കിലും അത് നിര്‍ബാധം തുടരുക തന്നെയാണ്.ഇത്തരം ജീവിത ദുരന്തങ്ങള്‍ക്ക് ആരാണ് ഉത്തരം പറയുക?


No comments:

Post a Comment