Thursday, December 1, 2011

അജ്മല്‍കസബും കിഷന്‍ജിയും

മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിക്കുപോലുമില്ലാത്ത കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്നു.സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് മുന്നുവര്‍ഷം കൊണ്ട് രാജ്യം നല്‍കിയ ജനകീയ സമ്പത്ത് അമ്പത് കോടിയിലധികമാണ്.അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഭീകരരാണ് മുംബൈ ആക്രമണത്തിന് പിന്നിലെന്ന് ബോദ്ധ്യമായെങ്കിലും കസബിനെ ഇത്രയും കാലം സംരക്ഷിക്കേണ്ട കാര്യമെന്തായിരുന്നുവെന്ന കാര്യമാണ് ബോദ്ധ്യമാകാത്തത്.

ഛത്രപതി ശിവാജി ടെര്‍മിനസില്‍ വെച്ച് അമ്പതിലധികം മനുഷ്യജീവിതങ്ങള്‍ക്ക് നേര്‍ക്ക് നിരയൊഴിക്കുമ്പോള്‍ ഒരു ജനതയോട് ഇത്രയധികം ക്രൂരത കാണിക്കുന്നത് ലോകം തന്നെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനിലൂടെ കണ്ടതാണ്.ഇക്കാര്യം കോടതിയും ദര്‍ശിച്ചതാണ്.എന്നാല്‍ ഇക്കാര്യത്തിന് പുറമെ അജ്മല്‍ അമീര്‍ കസബിനെതിരെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ടിക്കറ്റെടുക്കാതെ ഛത്രപതി ശിവാജി ടെര്‍മിനസില്‍ കയറി ഉള്‍പ്പെടെയുള്ള കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.അതൊക്കെ എന്തിനായിരുന്നു വെന്ന് ചോദിക്കരുത്.രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരാള്‍ക്ക് കോടതി നല്‍കേണ്ട പരമാവധി ശിക്ഷയായ വധശിക്ഷ മുംബൈ ഹൈക്കോടതി നല്‍കുകയും ചെയ്തു.കേസിപ്പോള്‍ സുപ്രീംകോടതിയിലാണ്.അതിന്മേല്‍ വിധി വരാന്‍ ഇനിയും നിരവധി നാളുകള്‍ എടുക്കും.അതിനുശേഷം രാഷ്ട്രപതിയുടെ ദയാഹരജിക്ക് കസബിന് സമീപിക്കുകയും ചെയ്യാം.അക്കാലയളവിലും ജനസമ്പത്ത് കസബിന് വേണ്ടി രാജ്യത്തിന് ഒഴുക്കേണ്ടി വരും.



എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വങ്ങളാണ് കിഷന്‍ജിയെപ്പോലുള്ളവരെ രുപപ്പെടുത്തിയത്.കടുത്ത ചൂഷണവും അസമത്വവും ഇത്തരം കാര്യങ്ങള്‍ക്ക് വിത്തുപാകുമ്പോള്‍ കിഷന്‍ജി നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്.എന്നാല്‍ പാക്കിസ്ഥാന്‍ ഭീകരനായ അജ്മല്‍ അമീര്‍ കസബിനോട് കാണിക്കുന്ന മഹാമനസ്‌ക്കത എന്തുകൊണ്ടാണ് കിഷന്‍ജിയോട് കാണിക്കാതിരുന്നത്.അയാളെ പിടികുടിയിട്ടും ഏറ്റുമുട്ടല്‍ എന്ന വ്യാജപ്പേരില്‍ നിഷ്‌ക്കാസനം ചെയ്യുകയായിരുന്നു.അയാള്‍ ഈ രാജ്യത്തിന്റെ പുത്രനാണ്.ഒരു രാജ്യത്തെ ജനതയോടാണ് രാഷ്ട്രം മാവോവാദികളെ ഉന്മുലനം ചെയ്യുന്നതിലുടെ യുദ്ധം പ്രഖ്യാപിക്കുന്നതെന്ന് സ്വാമി അഗ്നിവേശിനെപ്പോലുള്ള മഹത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കസബിന്റെ സംരക്ഷണത്തിനായി ചെലവഴിച്ച അമ്പത് കോടി രുപ ഏതെങ്കിലും ജനകീയ പദ്ധതികള്‍ക്കായി ചെലവഴിച്ചാല്‍ നക്‌സല്‍ ബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം മാറുമെന്നതില്‍ സംശയമില്ല.വികസനത്തിന്റെ വെളിച്ചം എത്താത്ത ജനതയ്ക്ക് രാജ്യത്തിന്റെ മറ്റ്  ഭാഗങ്ങലില്‍ നടപ്പാക്കുന്ന എല്ലാ വികസനവും നിഷേധിച്ച്  അവരെ പാര്‍ശ്വവല്‍ക്കൃത ജനതയാക്കി മാറ്റിയാല്‍ അവര്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക സ്വാഭാവികമാണ്.അത്തരം ജനകീയ രോഷത്തില്‍ നിന്നാണ് കിഷന്‍ജിയെപ്പോലുള്ളവരുടെ ഉത്ഭവം.അക്കാര്യം വിശദമായി പഠിച്ച് പ്രശനത്തിന് പരിഹാരം കാണുകയാണ് ചെയ്യേണ്ടത്.അല്ലാതെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്.

കസബിനെ നിലനിര്‍ത്തുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ അടിക്കാനുള്ള ശക്തമായ വടിയാണ് കിട്ടിയിട്ടുള്ളത്.അതുകൊണ്ടു തന്നെ കസബിനെ നിലനിര്‍ത്തുന്നതിന് പിന്നില്‍ മറ്റ് പല കാര്യങ്ങളും ഉണ്ടായേക്കാം.ഇന്ത്യ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ കൈമാറിയിട്ടും പാക്കിസ്ഥാന്‍ ഒരു കാര്യവും സ്വീകരിക്കില്ലെന്ന് പകല്‍പോലെ വ്യക്തമാണ്.കസബിനെ നിലനിര്‍ത്തി അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെതിരെ സമ്മര്‍ദ്ദം രൂപപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ഇതുവരെ ആയിട്ടുമില്ല.ഇനിയും എത്രയോ കാലം ഇന്ത്യന്‍ തടവറയില്‍ കസബുമാര്‍ സുരക്ഷികതരായിരിക്കുമെന്ന് വ്യക്തമാണ്.എന്നാല്‍ കിഷന്‍ജിയെപ്പോലുള്ളവരെ നിന്ന നില്‍പ്പില്‍ നിഷ്‌ക്കാസനം ചെയ്യുന്നതിന് പിന്നിലും മറ്റ് പല രാഷട്രീയങ്ങളുണ്ട്.കസബിന് നാം നല്‍കുന്ന പരിഗണന കിഷന്‍ജിയെപ്പോലുള്ള ഭാരതപുത്രന്മാര്‍ക്ക് നല്‍കിയാല്‍ എന്താണ് തെറ്റ്? അയാള്‍ ചെയ്ത ക്രൂരതയ്ക്ക് നമ്മുടെ നിയമസംഹിതകള്‍ ശിക്ഷവിധിക്കട്ടെ.


No comments:

Post a Comment